CrimeHome-bannerKeralaNews

അഞ്ജനയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; കൊലപാതകമെന്ന് കുടുംബാംഗങ്ങള്‍

കാഞ്ഞങ്ങാട്: തലശേരി ബ്രണ്ണന്‍ കോളജിലെ മലയാളം ബിരുദ വിദ്യാര്‍ഥിനിയായിരുന്ന കാഞ്ഞങ്ങാട് സ്വദേശിനി അഞ്ജന ഹരീഷിന്റെ മരണം കൊലപാതകമാണെന്നു സംശയിക്കുന്നതായി അമ്മ മിനിയും കുടുംബാംഗങ്ങളും. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്കിയിട്ടുണ്ട്.

കൂട്ടുകാര്‍ക്കൊപ്പം ഗോവയിലേക്കു പോയിരുന്ന അഞ്ജനയെ കഴിഞ്ഞ മേയ് 13ന് താമസിച്ചിരുന്ന റിസോര്‍ട്ടിനോടു ചേര്‍ന്ന് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും സംശയകരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. യുവതി ലൈംഗികമായി ഉപയോഗിക്കപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

ഏതാനും നാളുകളായി വീടുവിട്ട് കൂട്ടുകാര്‍ക്കൊപ്പം കോഴിക്കോട്ട് താമസിച്ചിരുന്ന അഞ്ജന ഗോവയിലെത്തിയ ശേഷം വീട്ടിലേക്ക് വിളിച്ചിരുന്നതായും കൂട്ടുകാര്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് പറഞ്ഞിരുന്നതായും മിനി പറയുന്നു. കഴിവതും വേഗത്തില്‍ വീട്ടിലേക്കു മടങ്ങിയെത്തണമെന്നും മകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മകളെ കൂട്ടിക്കൊണ്ടുവരാനായി പെട്ടെന്ന് ഒന്നും ചെയ്യാനായില്ല. ഇതിനു തൊട്ടുപിന്നാലെയാണ് മകളുടെ മരണവാര്‍ത്ത എത്തുന്നതെന്നും മിനി പറഞ്ഞു.

ബ്രണ്ണന്‍ കോളജില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരായെത്തിയ ചിലരാണ് അഞ്ജനയെ വീട്ടില്‍ നിന്നകറ്റുകയും ലഹരിപദാര്‍ഥങ്ങള്‍ക്ക് അടിമയാക്കുകയും ചെയ്തതെന്ന് മിനി പറഞ്ഞു. അവരുടെ ചില സ്ഥാപിത താല്പര്യങ്ങള്‍ക്കായി അവര്‍ പെണ്‍കുട്ടിയെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു. മികച്ച അക്കാദമിക നിലവാരത്തോടെ സിവില്‍ സര്‍വീസ് ലക്ഷ്യംവച്ച് പഠിക്കുകയായിരുന്ന പെണ്‍കുട്ടി ശാരീരികമായും മാനസികമായും മാറിപ്പോയതും കോളജില്‍ പോലും പോകാതായതും ഇവരുടെ സ്വാധീനത്താലാണ്. ഇടക്കാലത്ത് താന്‍ മുന്‍കൈയെടുത്ത് ലഹരിവിമുക്തി ചികിത്സയ്ക്കായി കൊണ്ടുപോയതിനുശേഷം പെണ്‍കുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയതായിരുന്നു.

എന്നാല്‍ പിന്നീട് ഒരു പരിപാടിക്കു വേണ്ടി കോളജില്‍ പോയപ്പോള്‍ കൂട്ടുകാര്‍ വീണ്ടും ഇടപെട്ട് വഴിതെറ്റിക്കുകയായിരുന്നു. ഇതിനുശേഷം പെണ്‍കുട്ടി കൂട്ടുകാര്‍ക്കൊപ്പം കോടതിയില്‍ ഹാജരായി അവര്‍ക്കൊപ്പം പോകാനാണ് താല്പര്യമെന്ന് ബോധിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കുടുംബത്തില്‍ നിന്നകറ്റി പുരുഷസുഹൃത്തുമായി ചേര്‍ത്തുനിര്‍ത്തുകയായിരുന്നു കൂട്ടുകാരുടെ യഥാര്‍ഥ ലക്ഷ്യമെന്നാണ് കുടുംബാംഗങ്ങള്‍ സംശയിക്കുന്നത്. അഞ്ജന ഫേസ്ബുക്കിലെ തന്റെ പേരുമാറ്റി മറ്റൊരു മതവുമായി ബന്ധപ്പെട്ട പേര് സ്വീകരിച്ചതും ഇതിനിടയിലാണ്. അഞ്ജനയുടെ മരണത്തിനുശേഷം ചില വീഡിയോകളും സാമൂഹ്യമാധ്യമ പോസ്റ്റുകളും പ്രചരിപ്പിച്ച് കുടുംബാംഗങ്ങളെ അപകീര്‍ത്തിപ്പെടുത്താനും മരണം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനുമാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും മിനി പറഞ്ഞു.

അതേസമയം മലയളി വിദ്യാര്‍ത്ഥി അഞ്ജന ഹരീഷ് ആത്മഹത്യ ചെയ്തതു തന്നെയെന്ന് നോര്‍ത്ത് ഗോവ എസ്പി ഉത്കൃഷ് പ്രസൂണ്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. കയറില്‍ തൂങ്ങുന്നതു മൂലം ശ്വാസം മുട്ടിയാണ് അഞ്ജന മരണപ്പെട്ടതെന്ന് അദ്ദേഹം അറിയിച്ചു. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് എസ്പിയുടെ വെളിപ്പെടുത്തല്‍. മരണപ്പെടുന്നതിനു മുന്‍പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നും നിര്‍ബന്ധിതമായി മദ്യം കുടിപ്പിച്ചു എന്നുമുള്ള റിപ്പോര്‍ട്ടുകളെ തള്ളിയാണ് ഉത്കൃഷിന്റെ ഈ വെളിപ്പെടുത്തല്‍. പോസ്റ്റ്മാര്‍ട്ടത്തില്‍ ഇതിനു തക്കതായ തെളിവുകള്‍ ലഭിച്ചില്ലെന്നും അഞ്ജനയുടെ മരണത്തിന്റെ അന്വേഷണ ചുമതലയുള്ള നോര്‍ത്ത് ഗോവ എസ്പി പറയുന്നു. ദി ന്യൂസ് മിനിട്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

”കുട്ടിയുടെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഒന്നും ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടില്ല. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നും അവര്‍ മൊഴി നല്‍കിയിട്ടില്ല. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലും അത്തരം കണ്ടെത്തലുകള്‍ ഇല്ല. ഇനി ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി വരാനുണ്ട്. പക്ഷേ, തൂങ്ങി മരണമാണെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതിനാല്‍ അത് അപ്രധാനമാണ്”- എസ്പി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker