മദ്യപാനത്തിനിടെ അമ്മാവന്റെ വെടിയേറ്റ് അനന്തരവന് ദാരുണാന്ത്യം; ദൃശ്യം മരിച്ചയാളുടെ മൊബൈലില്‍!
മുസാഫര്‍നഗര്‍: മദ്യപാനത്തിനിടെ അമ്മാവന്റെ വെടിയേറ്റ് അനന്തരവന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. ഈ രംഗം മരിച്ചയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് തന്നെ കണ്ടെടുത്തു.
പ്രിന്‍സ് എന്ന പത്തൊമ്പതുകാരനാണ് മരിച്ചത്. വെടിയേറ്റ് നിലത്തുവീണ യുവാവ് വേദനകൊണ്ട് അലറിക്കരയുന്നതും വീഡിയോയിലുണ്ട്. വെടിവച്ചയാളെ കൂടാതെ രണ്ടു പേര്‍ കൂടി വീഡിയോയിലുണ്ട്. എന്നാല്‍ ഇവരില്‍ ഒരാളുടെ ദൃശ്യം വ്യക്തമല്ല. ഇവര്‍ ഒളിവിലാണ്.
വയലിലെ കിണര്‍ ഭിത്തിയിലിരുന്ന് മദ്യപിക്കുന്നതിനിടെ സംഘം സംസാരിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്. ഇതിനിടെയാണ് വെടിപൊട്ടിയത്. മനഃപൂര്‍വ്വം വെടിവച്ചതല്ലെന്നും പിസ്റ്റള്‍ പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിയതാണെന്നുമാണ് അറസ്റ്റിലായ ആള്‍ നല്‍കുന്ന വിശദീകരണം.
വെടിവയ്പിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒളിവില്‍ പോയവര്‍ കൂടി അറസ്റ്റിലായെങ്കിലെ മനഃപൂര്‍വ്വമുള്ള കൊലപാതകമാണോ എന്ന് പറയാന്‍ കഴിയൂവെന്നാണ് പോലീസ് പറയുന്നത്.