31.7 C
Kottayam
Saturday, May 18, 2024

ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യാം;നിർദേശത്തിൽ ഇളവ് വരുത്തി ഇന്ത്യ

Must read

ന്യൂഡല്‍ഹി:രാജ്യത്തെ പൗരന്‍മാര്‍ ഇറാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശത്തില്‍ ഇളവ് വരുത്തി ഇന്ത്യ. അതേസമയം ഈ രാജ്യങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷ സാഹചര്യം മുന്‍നിര്‍ത്തിയാണ് ഈ രാജ്യങ്ങളിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി കഴിഞ്ഞ ഏപ്രില്‍ 12 ന് സര്‍ക്കാര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്.

പടിഞ്ഞാറന്‍ ഏഷ്യയിലെ സാഹചര്യങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും ഈ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കേണ്ടത് നിര്‍ബന്ധമാണെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ഇറാന്‍, ഇസ്രയേല്‍ രാജ്യങ്ങളില്‍ പോകുന്നവര്‍ ആ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെടണം. ഇവര്‍ സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തകയും സുരക്ഷ മുന്‍കരുതലുകള്‍ പാലിച്ച് കരുതലോടെ സഞ്ചരിക്കുകയും വേണമെന്നും ജയ്‌സ്വാള്‍ വ്യക്തമാക്കി.

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷ സാധ്യതകള്‍ കുറയുകയും പരസ്പരം വ്യോമപാതകള്‍ തുറക്കുകയും ചെയ്‌തോടെയാണ് പൗരന്മാര്‍ക്കുള്ള യാത്രാ വിലക്കില്‍ ഇളവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കൂടാതെ ഇന്ത്യയില്‍ നിന്നുള്ള ജോലിക്കാര്‍ എത്താനായി യാത്രാ വിലക്കില്‍ ഇളവ് വരുത്താന്‍ ഇസ്രയേല്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ചിരുന്നു. യാത്രാ വിലക്കിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ആറായിരത്തോളം നിര്‍മ്മാണ തൊഴിലാളികളുടെ ഇസ്രയേല്‍ യാത്ര മുടങ്ങിയതിനെ തുടര്‍ന്നായിരുന്നു ഇത്.

നിലവില്‍ 19000 ഇന്ത്യക്കാര്‍ ഇസ്രയേലിലുണ്ടെന്നാണ് കണക്ക്. 4000 പേര്‍ ഇറാനിലും ജോലി ചെയ്യുന്നുണ്ട്. സിറിയയിലെ ഇറാന്റെ നയതന്ത്ര കാര്യാലയത്തില്‍ ഏപ്രില്‍ ഒന്നിന് നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായത്.

ആക്രമണത്തിന്റെ പേരില്‍ ഇറാന്‍ ഇസ്രയേലിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനേത്തുടര്‍ന്ന് ഇറാന്‍ ഇസ്രയേലിനുനേര്‍ക്ക് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week