89 ജീവനുകള്‍ക്ക് മറുപടി; 600 യുക്രൈൻ സൈനികരെ വധിച്ചെന്ന് റഷ്യ
കീവ്: റോക്കറ്റാക്രമണത്തില്‍ 600-ലേറെ യുക്രൈന്‍ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി റഷ്യ. കിഴക്കന്‍ യുക്രൈനില്‍ സൈനികരെ താത്കാലികമായി താമസിപ്പിക്കുന്ന രണ്ട് കെട്ടിടങ്ങളെ ലക്ഷ്യമിട്ടുള്ള റോക്കറ്റാക്രമണത്തിലാണ് ഇത്രയും സൈനികരെ വധിച്ചതെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍, വിവിധ കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ ഞായറാഴ്ച നടത്തിയ ആക്രമണങ്ങളില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് ക്രമാടോര്‍സ്‌ക് മേയര്‍ പറയുന്നത്.
ഡൊണാട്‌സ്‌ക് മേഖലയിലുള്ള മകിവ്കയിലെ റഷ്യന്‍ ബാരക്കുകളില്‍ യുക്രൈന്‍ നടത്തിയ ആക്രമണത്തില്‍ 89 ഓളം സൈനികര്‍ കൊല്ലപ്പെട്ടതിലുള്ള പ്രതികാരമാണ് സൈനിക നടപടിയെന്ന് റഷ്യ അവകാശപ്പെട്ടു. വിശ്വസനീയമായ രഹസ്യവിവരത്തെത്തുടര്‍ന്നാണ് കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്നാണ് പ്രതിരോധമന്ത്രാലയം അറിയിച്ചത്. ഒരു കെട്ടിടത്തില്‍ 700-ലേറെ സൈനികരും മറ്റൊന്നില്‍ 600 സൈനികരുമാണ് താമസിച്ചിരുന്നതെന്ന് റഷ്യ പറയുന്നു. റഷ്യന്‍ അവകാശവാദം വാസ്തവമാണെങ്കില്‍ കഴിഞ്ഞ ഫെബ്രുവരി 24-ന് റഷ്യന്‍ അധിനിവേശം ഉണ്ടായതിന് ശേഷം യുക്രൈനുണ്ടാവുന്ന ഏറ്റവും വലിയ സൈനിക നാശമാണിത്.
പുതുവത്സരദിനത്തിലാണ് റഷ്യയ്ക്ക് ഏറ്റവും കൂടുതല്‍ സൈനികരെ നഷ്ടമായ യുക്രൈന്‍ ആക്രമണമുണ്ടായത്. മോസ്‌കോ സമയം അര്‍ധരാത്രി 12.01-ന് ആറു റോക്കറ്റുകളാണ് സൈനിക കേന്ദ്രത്തിന് നേരെ തൊടുത്തത്. ഇതില്‍ രണ്ടെണ്ണം തകര്‍ക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞിരുന്നു. സൈനികര്‍ക്കിടയിലെ അനധികൃത സ്മാര്‍ട്‌ഫോണ്‍ ഉപയോഗമാണ് യുക്രൈന്‍ സേനയ്ക്ക് സൈനിക കേന്ദ്രം കണ്ടുപിടിക്കാന്‍ സഹായകമായതെന്ന് റഷ്യന്‍ അധികൃതര്‍ വിലയിരുത്തിയിരുന്നു.