ആന്ധ്രായിലെ ‘ആഭിചാര’ കൊലയില്‍ വമ്പന്‍ ട്വിസ്റ്റ്! ഇളയമകളെ കൊന്നത് സഹോദരിയെന്ന് അമ്മയുടെ മൊഴി
ബംഗളൂരു: കഴിഞ്ഞ ദിവസം രാജ്യത്തെ തന്നെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു ആന്ധ്രാപ്രദേശില്‍ അഭ്യസ്തവിദ്യരായ മാതാപിതാക്കള്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത. ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഇവരുടെ മാതാപിതാക്കളായ മാടനപ്പള്ളി ഗവ.വുമണ്‍സ് കോളജ് വൈസ് പ്രിന്‍സിപ്പള്‍ എന്‍ പുരുഷോത്തം നായിഡു, ഭാര്യയും. ഒരു സ്വകാര്യ കോളജ് പ്രിന്‍സിപ്പളുമായ പത്മജ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കലിയുഗം അവസാനിച്ച് സത് യുഗം പിറക്കുമ്പോള്‍ മക്കള്‍ പുനര്‍ജനിച്ചെത്തുമെന്ന വിശ്വാസത്തില്‍ മാതാപിതാക്കള്‍ തന്നെ മക്കളെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവര്‍ പറഞ്ഞതെന്നാണ് ഇന്ത്യ ടുഡേ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ മക്കളെ കൊലപ്പെടുത്തിയെന്ന ആരോപണം ഇരുവരും നിഷേധിച്ചു. മൂത്തമകള്‍ അലേഖ്യയാണ് ഇളയ സഹോദരി സായ് ദിവ്യയെ കൊലപ്പെടുത്തിയതെന്നാണ് ഇരുവരും അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.