കര്‍ഷക പ്രതിഷേധം; ആഭ്യന്തര മന്ത്രി അടിയന്തിര യോഗം വിളിച്ചു
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തിര യോഗം വിളിച്ചു. സംഭവങ്ങള്‍ വിലയിരുത്താനും സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമാണ് യോഗം വിളിക്കുന്നത്.
റിപബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലേക്ക് ആരംഭിച്ച കര്‍ഷക മാര്‍ച്ചില്‍ വന്‍സംഘര്‍ഷമുണ്ടായിരുന്നു. ചെങ്കോട്ടയില്‍ ദേശീയ പതാകയ്ക്ക് താഴെയായി കര്‍ഷകര്‍ തങ്ങളുടെ പതാക ഉയര്‍ത്തിയിരുന്നു. ഏറെ സമയത്തിന് ശേഷമാണ് ചെങ്കോട്ടയില്‍ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പോലീസിനായത്. കേന്ദ്രസേനയും അര്‍ധസൈനികരും കര്‍ഷകസമരത്തെ നേരിടാനായി രംഗത്തിറങ്ങിയിട്ടുണ്ട്.
നഗരഹൃദയമായ ഐ.ടി.ഒയില്‍ സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. ഉത്തരഖാണ്ഡില്‍ നിന്നുള്ള കര്‍ഷകനാണ് മരിച്ചത്. പോലീസിന്റെ വെടിയേറ്റാണ് മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. അതേസമയം, ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്നാണ് പോലീസ് വാദം. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ പ്രതിഷേധിച്ചു.