ബിഎംഡബ്ല്യുവിന്റെ കിടിലൻ എസ്‌യുവി ഗാരേജിൽ എത്തിച്ച് ടൊവിനോ,വില കോടികൾ
കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് ടൊവിനോ തോമസ്. നിലവിൽ യുവതാരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ കൈനിറയെ ചിത്രങ്ങളുമായാണ് മുന്നോട്ട് പോവുന്നത്. അത് ശരിയാണെന്ന് തെളിയിച്ചു കൊണ്ട് താരമിപ്പോൾ ഒരു പുത്തൻ ആഡംബര കാർ തന്റെ ഗ്യാരേജിൽ എത്തിച്ചിരിക്കുകയാണ്. ആരും ഞെട്ടുന്ന വിലയുള്ള ഈ കാർ ഒരു എസ്‌യുവിയാണ് എന്നതാണ് പ്രത്യേകത.
ബിഎംഡബ്ല്യുവിന്റെ എക്‌സ്എം മോഡലാണ് ടൊവിനോ വാങ്ങിയത്. ഏകദേശം 2.6 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ബിഎംഡബ്ല്യുവിന്റെ എസ്‌യുവി കാറുകളിൽ കരുത്തേറിയ മോഡലാണ് ടൊവിനോ തോമസ് സ്വന്തമാക്കിയത്. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ താരം ഈ വാഹനവുമായി നിൽക്കുന്ന ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്.
കറുത്ത നിറമുള്ള മോഡലാണ് താരം സ്വന്തമാക്കിയത്. കുടുംബ സമേതം എത്തിയാണ് ടൊവിനോ കാറിന്റെ താക്കോൽ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. റോഡ്‌വേ കാർസിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. ചടങ്ങിന്റെ ചിത്രങ്ങൾ സഹിതം അവർ ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
നേരത്തെ ടൊവിനൊ റേഞ്ച് റോവർ സ്പോർട്‌സ് വാഹനവും സ്വന്തമാക്കിയിരുന്നു. ബിഎംഡബ്ല്യുവിന്റെ ആഡംബര സെഡാനും അഡ്വഞ്ചർ ബൈക്കും താരത്തിന്റെ ഗ്യാരേജിലുണ്ട്. അതിശയിപ്പിക്കുന്ന കാർ കളക്ഷന് ഉടമയാണ് ടൊവിനോ തോമസ്. ഓഡിയുടെ ആഡംബര എസ്‌യുവി ക്യൂ7 ഉൾപ്പെടെ ടൊവിനോയ്ക്ക് സ്വന്തമായുണ്ടായിരുന്നു.
ബിഎംഡബ്ല്യു കാർ ശ്രേണിയിലെ ആഡംബര സെഡാനായ 7 സീരീസും, ഇരുചക്ര വാഹന വിഭാഗമായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ചെറു ബൈക്കായ ജി 310 ജിഎസും താരം നേരത്തെ സ്വന്തമാക്കിയ വാഹനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. മിനിയുടെ സൈഡ്‌വാക്ക് എഡിഷനും താരത്തിനുണ്ട്. അതിലേക്കായി തന്റെ ഇഷ്‌ട ബ്രാൻഡായ ബിഎംഡബ്ല്യുവിന്റെ തന്നെ എസ്‌യുവി കരുത്തനെ കൂടി ടൊവിനോ അവതരിപ്പിക്കുന്നത്.
കാഴ്‌ചയിൽ പ്രീമിയം ഫീൽ തകരുന്ന വാഹനം തന്നെയാണിത്. പുറമെ ഇല്ലുമിനേറ്റ് ബിഎംഡബ്ല്യു കിഡ്‌നി ഗ്രില്ല്, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് , വെര്‍ട്ടികിള്‍ എക്‌സ്‌ഹോസ്‌റ്റ്, 21 ഇഞ്ച് വലിപ്പമുള്ള ടയറുകള്‍, ആന്റി-റോള്‍ ബാര്‍, എം കോംപൗണ്ട് ബ്രേക്കുകള്‍ എന്നിവയാണ് സവിശേഷതകൾ. ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് മോഡലുകളായ ഐഎക്‌സ്, ഐ4 എന്നീ വാഹനങ്ങളിലേതിന് സമാനമായ ലേഔട്ടിലാണ് ഈ വാഹനത്തിന്റെ ഇന്റീരിയര്‍ ഒരുക്കിയത് എന്ന പ്രത്യേകത കൂടിയുണ്ട്.
എഞ്ചിന്റെ കാര്യത്തിലും കരുത്തനാണ് ബിഎംഡബ്ള്യു എക്‌സ്എം. ഒരു പ്ലഗ്-ഇൻ ഹൈബ്രിഡാണ് ഇത്. 8-സ്‌പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോഡിയാക്കിയ 197 എച്ച്‌പി ഇലക്ട്രിക് മോട്ടോറിൽ പ്രവർത്തിക്കുന്ന ബിഎംഡബ്ല്യുവിന്റെ എപ്പിക് 4.4-ലിറ്റർ ട്വിൻ-ടർബോ പെട്രോൾ വി8 (489എച്ച്പിയിലും 650എൻഎം സ്‌റ്റേറ്റ് ഓഫ് ട്യൂണിലും) എഞ്ചിനാണ് ഇതിന്റെ നട്ടെല്ല്. ഇതിനെ എസ്‌യുവികളിൽ ഏറ്റവും കരുത്തുറ്റതാക്കുന്നത് ഈ ഘടകങ്ങൾ തന്നെയാണ്.