ഒളിമ്പിക്‌സിനുള്ള 26 അംഗ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് സംഘത്തെ പ്രഖ്യാപിച്ചു; കേരള വനിതകൾക്ക് ഇടമില്ല
ന്യൂഡൽഹി:ടോക്യോ ഒളിമ്പിക്സിനുള്ള 26 അംഗ ഇന്ത്യൻ അത്ലറ്റിക്സ് സംഘത്തെ പ്രഖ്യാപിച്ച് അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എ.എഫ്.ഐ).
പുരുഷന്മാരുടെ ലോങ്ജമ്പിൽ എം. ശ്രീശങ്കർ, 400 മീറ്റർ ഹർഡിൽസിൽ എം.പി. ജാബിർ, 20 കിലോമീറ്റർ നടത്തത്തിൽ കെ.ടി. ഇർഫാൻ എന്നീ മലയാളികളുണ്ട്.പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അമോജ് ജേക്കബ് എന്നിവരുണ്ട്. 4×400 മിക്സഡ് റിലേ ടീമിൽ മലയാളിയായ അലക്സ് ആന്റണിയും ഇടംപിടിച്ചു.
മിക്സഡ് റിലേയിൽ കേരളത്തിൽനിന്നുള്ള വനിതകളില്ല. മലയാളി താരങ്ങളായ വി.കെ വിസ്മയക്കും ജിസ്ന മാത്യുവിനും സംഘത്തിൽ ഇടംപിടിക്കാൻ സാധിച്ചില്ല.
2018 ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 4×400 മീറ്റർ റിലേയിൽ സ്വർണം നേടിയ ടീമിലെ അംഗമായിരുന്നു വിസ്മയ. മാത്രമല്ല 2019 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 4×400 മീറ്റർ റിലേയിലും മിക്സഡ് റിലേയിലും വെള്ളി മെഡൽ നേടിയ ടീമിലും വിസ്മയയുണ്ടായിരുന്നു. 2016 ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് ജിസ്ന മാത്യു.
പുരുഷന്മാർ: അവിനാഷ് സാബിൾ (3000 മീറ്റർ സ്റ്റീപ്പിൾചേസ്), എം.പി ജാബിർ (400 മീറ്റർ ഹർഡിൽസ്), എം. ശ്രീശങ്കർ (ലോങ്ജമ്പ്), താജീന്ദർപാൽ സിങ് ടൂർ (ഷോട്ട് പുട്ട്), നീരജ് ചോപ്ര, ശിവ്പാൽ സിങ്, (ജാവലിൻ ത്രോ), കെ.ടി ഇർഫാൻ, സന്ദീപ് കുമാർ, രാഹുൽ രോഹില്ല (20 കിലോമീറ്റർ നടത്തം), ഗുർപ്രീത് സിങ് (50 കിലോമീറ്റർ നടത്തം); 4×400 മീറ്റർ റിലേ: അമോജ് ജേക്കബ്, അരോക്കിയ രാജീവ്, മുഹമ്മദ് അനസ്, നാഗനാഥൻ പാണ്ഡി, നോവ നിർമ്മൽ ടോം, 4×400 മീറ്റർ മിക്സഡ് റിലേ: സർത്തക് ഭാംബ്രി, അലക്സ് ആന്റണി.
സ്ത്രീകൾ: ദ്യുതീ ചന്ദ് (100 മീറ്റർ, 200 മീറ്റർ), കമൽപ്രീത് കൗൃർ, സീമ ആന്റിൽ-പുനിയ (ഡിസ്കസ് ത്രോ), അന്നു റാണി (ജാവലിൻ ത്രോ); ഭാവ്ന ജാട്ട്, പ്രിയങ്ക ഗോസ്വാമി (20 കിലോമീറ്റർ നടത്തം), (മിക്സഡ് 4×400 മീറ്റർ റിലേ): രേവതി വീരമണി, സുഭ വെങ്കിടേശൻ, ധൻലക്ഷ്മി ശേഖർ.