ന്യൂഡൽഹി: ആന്ധ്രപ്രദേശ് പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്ത രണ്ട് തെലുങ്ക് ചാനലുകൾക്കെതിരായ നടപടി സുപ്രീം കോടതി തടഞ്ഞു. ടിവി 5 ന്യൂസ്, എ.ബി.എൻ ആന്ധ്ര ജ്യോതി എന്ന ചാനലുകൾക്കെതിരായ നടപടിയാണ് സുപ്രീം കോടതി തടഞ്ഞത്.
ആന്ധ്ര പോലീസ് എഫ്.ഐ.ആറിലൂടെ പ്രഥമദൃഷ്ട്യാ മാധ്യമ സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തി. രാജ്യദ്രോഹത്തിന്റെ പരിധി തങ്ങൾ നിർവചിക്കേണ്ട സമയമാണിതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
ഐ.പി.സിയുടെ 124 എ, 153 എന്നീ വകുപ്പുകൾക്ക് വ്യാഖ്യാനം ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നു. പ്രത്യേകിച്ചും മാധ്യമ സ്വാതന്ത്ര്യത്തിന്റേയും അഭിപ്രായം സ്വാതന്ത്ര്യത്തിന്റേയും അവകാശങ്ങൾ സംബന്ധിച്ച്.’ കോടതി പറഞ്ഞു.
ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈ.എസ്.ആർ. കോൺഗ്രസിന്റെ വിമത എം.പിയായ കനുമുരി രഘുരാമ കൃഷ്ണാം രാജുവിന്റെ പ്രസ്താവന സംപ്രേഷണം ചെയ്തതിനാണ് രണ്ടു ചാനലുകൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനെ നിശിതമായ വിമർശിച്ചിരുന്നു വിമത എം.പി.
കോവിഡുമായി ബന്ധപ്പെട്ട് വിമർശനമുന്നയിക്കുന്ന പൗരൻമാർക്കെതിരെ സർക്കാരുകൾ കേസെടുക്കരുതെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് ആന്ധ്ര സർക്കാർ ലംഘിച്ചുവെന്ന് ചാനലുകൾ കോടതിയിൽ ചൂണ്ടിക്കാട്ടി.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ. കോടതിയെ സമീപിച്ചതിന് പിന്നാലെ കനുമുരി രഘുരാമ കൃഷ്ണാം രാജു അറസ്റ്റിലായിരുന്നു. രാജ്യദ്രോഹ കുറ്റമടക്കം അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു. മെയ് 21-ന് സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.