കുട്ടികളുടെ അശ്ലീല വീഡിയോ; ട്വിറ്ററിനെതിരെ പോക്‌സോ കേസെടുത്തു
ന്യൂഡല്‍ഹി: ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പരാതിയില്‍ ട്വിറ്ററിനെതിരെ ഡല്‍ഹി പോലീസ് പോക്‌സോ കേസെടുത്തു. കുട്ടികളുടെ അശ്ലീല വീഡിയോകളുടെ ലിങ്കുകള്‍ ട്വിറ്ററിലുണ്ടെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതി.
കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് വരെ കുട്ടികള്‍ക്ക് ട്വിറ്ററില്‍ പ്രവേശനം നല്‍കരുതെന്ന് ബാലാവകാശ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഐടി മന്ത്രാലയം വിഷയത്തില്‍ ഇടപെടണമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ട്വിറ്ററില്‍ അക്കൗണ്ട് എടുക്കാം. അതുകൊണ്ട് തന്നെ പോണോഗ്രാഫിക് കണ്ടന്റുകള്‍ പ്ലാറ്റ്‌ഫോമില്‍ ഉണ്ടാകരുതെന്ന് ട്വിറ്ററിനോട് കേന്ദ്രം വ്യക്തമാക്കി. മാത്രമല്ല സിഎസ്എഎം ഉള്ള വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലേക്കുള്ള ലിങ്കുകളും ട്വിറ്ററില്‍ ലഭ്യമാണ്. പോക്‌സോ ആക്ട് പ്രകാരം സിഎസ്എഎം നീക്കം ചെയ്യാന്‍ ടെക്ക് കമ്പനികള്‍ ബാധ്യസ്ഥരാണെന്നും കേന്ദ്ര ബാലാവകാശ കമ്മീഷന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ഐ.ടി ഭേഭഗതി നിയമം പാലിക്കാന്‍ സമൂഹമാധ്യമങ്ങള്‍ ബാധ്യസ്ഥരാണെന്നും ഇതിനായി മൂന്ന് മാസം സമയവും കേന്ദ്രം നല്‍കിയിരുന്നു. മാര്‍ച്ച് 25നായിരുന്നു അവസാന ദിവസം. തുടര്‍ന്ന് മാര്‍ച്ച് 26ന് വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ കേന്ദ്രത്തിന് മറുപടി നല്‍കി. എന്നാല്‍ ട്വിറ്റര്‍ മുഖം തിരിച്ച് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ട്വിറ്ററിനെതിരായ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിരുന്നു.
ഫെബ്രുവരി 25-നാണ് കേന്ദ്ര വാര്‍ത്താവിനിമയമന്ത്രാലയവും നിയമമന്ത്രാലയവും ചേര്‍ന്ന് പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കായി പുതിയ ഗൈഡ് ലൈന്‍ കൊണ്ടു വന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളടക്കം എല്ലാ സ്ഥാപനങ്ങളും ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികള്‍ സ്വീകരിക്കാനും തുടര്‍നടപടി സ്വീകരിക്കാനുമായി പ്രത്യേക പരാതി പരിഹാരസെല്‍ കൊണ്ടു വരണമെന്ന് പുതിയ ചട്ടത്തിലുണ്ട്. ഇന്ത്യക്കാരായെ ഉദ്യോഗസ്ഥരെ വേണം ഈ പദവിയില്‍ വിന്യസിക്കാനെന്നും നിയമത്തില്‍ പറയുന്നു. ഈ പരിഷ്‌കാരം നടപ്പാക്കുന്നതിനെ ചൊല്ലി ട്വിറ്ററും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഭിന്നത ശക്തമാണ്.