മുപ്പത് വയസാകുമ്പോഴേക്കും രണ്ട് കുട്ടികളാകുമെന്ന് കരുതി; പക്ഷെ സംഭവിച്ചത്;തുറന്ന് പറഞ്ഞ് സായ് പല്ലവി
ഹൈദരാബാദ്:തെലുങ്ക് സിനിമാ രംഗത്ത് ഇന്ന് ഏറ്റവും കൂടുതൽ ആരാധക വൃന്ദമുള്ള നടിയാണ് സായ് പല്ലവി. അന്തരിച്ച നടി സൗന്ദര്യക്ക് ശേഷം തെലുങ്ക് സിനിമാ ലോകം ഏറെ ആദരവോടെ കാണുന്ന നടി സായ് പല്ലവിയാണ്. നടിയുടെ അഭിനയ മികവിനൊപ്പം നെക്സ്റ്റ് ഡോർ ഗേൾ ഇമേജും സാധാരണക്കാരിയായുള്ള പെരുമാറ്റവും ഈ ജനപ്രീതിയിൽ വലിയൊരു ഘടകമാണ്. തമിഴകത്തും ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ സായ് പല്ലവിക്ക് കഴിഞ്ഞു. എന്നാൽ മലയാളത്തിൽ നാളുകളായി സായ് പല്ലവിയെ കാണാറില്ല.
പ്രേമത്തിന് ശേഷം അതിരൻ, കലി എന്നീ സിനിമകളിലാണ് നടി മലയാളത്തിൽ അഭിനയിച്ചത്. പ്രേമത്തിലെ മലർ മിസ് ആയാണ് മലയാളികൾ ഇന്നും സായ് പല്ലവിയെ ഓർക്കുന്നത്. കഴിഞ്ഞ ദിവസമാണ് സായ് പല്ലവിയുടെ സഹോദരി പൂജയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ചേച്ചിയായ സായ് പല്ലവി വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.
ഇതിനിടെയാണ് പൂജയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. വിനീത് എന്നാണ് പൂജയുടെ ഭാവി വരന്റെ പേര്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. ആഡംബരങ്ങളൊന്നുമില്ലാതെ ലളിതമായി നടന്ന വിവാഹ നിശ്ചയത്തെ ആരാധകർ പ്രശംസിച്ചു. അതേസമയം 31 കാരിയായ സായ് പല്ലവി വിവാഹ ജീവിതത്തിലേക്ക് കടക്കാത്തത് എന്തെന്ന ചോദ്യം ആരാധകർക്കുണ്ട്.
വിവാഹം നീണ്ട് പോകുന്നതിനെക്കുറിച്ച് മുമ്പൊരിക്കൽ സായ് പല്ലവി തുറന്ന് സംസാരിച്ചിട്ടുണ്ട്. നടി മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 18 വയസുകാരിയായിരുന്നപ്പോൾ 23ാം വയസിൽ വിവാഹിതയാകുമെന്നും 30 വയസിനുള്ളിൽ രണ്ട് കുട്ടികളുടെ അമ്മയാകുമെന്നും മനസിൽ കരുതി. എംബിബിഎസ് പഠനത്തിന് മുമ്പാണ് അങ്ങനെ ചിന്തിച്ചത്.
എന്നാൽ പിന്നീട് തന്റെ തീരുമാനം മാറ്റിയെന്നും സായ് പല്ലവി തുറന്ന് പറഞ്ഞു. ഇപ്പോൾ തന്നെ സ്വയം മനസിലാക്കുകയാണെന്നും അടുത്തൊന്നും വിവാഹമുണ്ടാകില്ലെന്നും സായ് പല്ലവി വ്യക്തമാക്കി. സ്ത്രീകളെ ബഹുമാനിക്കുന്നയാൾ പങ്കാളിയായി വേണമെന്നാണ് സായ് പല്ലവി ആഗ്രഹിക്കുന്നത്. തമിഴ് സംവിധായകൻ രാജ്കുമാർ പെരിയസ്വാമിയും സായ് പല്ലവിയും വിവാഹിതരായെന്ന ഗോസിപ്പ് പ്രചരിച്ചിരുന്നു
ഇരുവരും മാലയിട്ട് നിൽക്കുന്ന ഫോട്ടോ സഹിതമാണ് വാർത്ത വന്നത്. വാർത്ത നിഷേധിച്ച് സായ് പല്ലവി രംഗത്ത് വന്നു. ഒരു സിനിമയുടെ പൂജാ ചടങ്ങിൽ നിന്നുള്ള ഫോട്ടോയായിരുന്നു ഇത്. വ്യക്തി ജീവിതത്തിൽ വളരെയധികം സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നടിയാണ് സായ് പല്ലവി. വിവാദങ്ങളിൽ നിന്നും മാറി നിൽക്കാൻ നടി പരമാവധി ശ്രമിക്കാറുണ്ട്.
കരിയറിലേക്കാണ് സായ് പല്ലവിയുടെ പൂർണശ്രദ്ധ. നായികാ പ്രാധാന്യമുള്ള സിനിമകൾ മാത്രമേ സായ് പല്ലവി ചെയ്യാറുള്ളൂ. അന്നും ഇന്നും അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുക്കുന്ന നടി ഇന്റിമേറ്റ് രംഗങ്ങളോടും ഗ്ലാമറസ് വേഷങ്ങളോടും നോ പറയാറാണ് പതിവ്. ഗാർഗി, വിരാട പർവം, ശ്യാം സിംഗ് റോയ് എന്നിവയാണ് സായ് പല്ലവിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. തണ്ടെൽ ആണ് സായ് പല്ലവിയുടെ വരാനിരിക്കുന്ന സിനിമ. നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകൻ.