അശ്വിൻ ദിയയുടെ വീട്ടിൽ ‘എന്റെ സന്തോഷമാണ് കുടുംബത്തിന്റെ സന്തോഷം, ചേച്ചിയെക്കാൾ മുമ്പ് ഞാൻ വിവാഹിതയാകും’
കൊച്ചി:സോഷ്യൽമീഡിയയിൽ കഴിഞ്ഞ രണ്ട് ദിവസമായി ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഒരു വിഷയം നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ തന്റെ സുഹൃത്ത് അശ്വിനുമായുള്ള പ്രണയം പരസ്യപ്പെടുത്തിയതിന്റെ വീഡിയോയും ഫോട്ടോയുമാണ്. ഇൻഫ്ലൂവൻസറാണ് എന്നതുകൊണ്ട് തന്നെ തന്റെ എല്ലാ സന്തോഷവും ദിയ ആദ്യം പങ്കിടുന്നത് സോഷ്യൽമീഡിയ വഴിയാണ്. വൈഷ്ണവുമായുള്ള പ്രണയത്തകർച്ചയ്ക്ക് ശേഷമാണ് സുഹൃത്ത് അശ്വിനുമായുള്ള ദിയയുടെ സൗഹൃദം ദൃഢമായതും പ്രണയത്തിലേക്ക് വഴിമാറിയതും.
കഴിഞ്ഞ ദിവസം ഡയമണ്ടിൽ തീർത്ത ഒരു മോതിരവുമായി എത്തിയാണ് ദിയയെ അശ്വിൻ പ്രപ്പോസ് ചെയ്തത്. ദിയ മാത്രമല്ല കൃഷ്ണകുമാറിന്റെ കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങളും സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. എന്നാൽ അശ്വിനുമായുള്ള പ്രണയം ദിയ പരസ്യപ്പെടുത്തിയശേഷം ദിയയുടെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല.
പൊതുവെ അച്ഛനും അമ്മയും മക്കളും പരസ്പരം പിന്തുണച്ചും അഭിപ്രായ പ്രകടനങ്ങൾ നടത്തിയും മുന്നേറുന്നവരാണ്. മക്കളുടെ ഓരോ ചെറിയ ചുവടുവെപ്പിലും സന്തോഷം കണ്ടെത്തുന്ന കൃഷ്ണകുമാറും സിന്ധുവും പക്ഷെ രണ്ടാമത്തെ മകൾ ജീവിതപങ്കാളിയെ കണ്ടെത്തിയെന്ന് പ്രഖ്യാപിച്ചപ്പോൾ അതിൽ മൗനം പാലിക്കുകയാണ് ചെയ്തത്.
കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും കാണാതായതോടെ ദിയയുടെ തീരുമാനത്തോട് യോജിപ്പില്ലാത്തത് കൊണ്ടാണോ കുടുംബം പ്രതികരിക്കാത്തതെന്ന സംശയമായി പ്രേക്ഷകർക്ക്. എന്നാൽ ദിയയുടെ തീരുമാനത്തിന് ഒപ്പമാണ് കുടുംബമെന്നാണ് താരപുത്രി പുതിയ അഭിമുഖത്തിൽ പറയുന്നത്.
മാത്രമല്ല അശ്വിൻ തന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച് കുശലം ചോദിക്കുന്ന വീഡിയോയും ദിയ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിട്ടുണ്ട്. ഈ വർഷമോ അടുത്ത വർഷമോ തന്റെ വിവാഹമുണ്ടാകുമെന്നാണ് സർപ്രൈസ് പ്രപ്പോസൽ വീഡിയോയിൽ കാമുകനൊപ്പം നിന്ന് ദിയ പറഞ്ഞത്. ദിയയ്ക്ക് സ്വന്തമായി ഫാൻസി ആഭരണങ്ങളുടെ ഒരു ബിസിനസുണ്ട്.
അവയുടെ ഒരു എക്സിബിഷൻ തിരുവനന്തപുരത്ത് താരപുത്രി ഇന്ന് സംഘടിപ്പിച്ചിട്ടുണ്ട്. ആ എക്സിബിഷിന് ദിയയും അശ്വിനും ചേർന്നാണ് നേതൃത്വം നൽകുന്നത്. ഇതിനിടയിലാണ് തന്റെ പ്രപ്പോസൽ വീഡിയോ കണ്ടപ്പോഴുള്ള കുടുംബത്തിന്റെ പ്രതികരണത്തെ കുറിച്ച് ദിയ വാചാലയായത്. എന്റെ സന്തോഷമാണ് കുടുംബത്തിന്റെ സന്തോഷമെന്നാണ് ദിയ പറഞ്ഞത്.
‘ഒരാൾ മറ്റൊരാളെ പ്രപ്പോസ് ചെയ്യുന്നതും കല്യാണം കഴിച്ചോട്ടെയെന്ന് ചോദിക്കുന്നതും ലോകത്ത് ആദ്യമായി നടക്കുന്ന സംഭവമല്ല. വീഡിയോ അപ്ലോഡ് ചെയ്യുന്ന സമയത്ത് നെഗറ്റീവാകുമോയെന്ന് അശ്വിനും ടെൻഷനുണ്ടായിരുന്നു. പക്ഷെ വീഡിയോ ഇട്ട് കഴിഞ്ഞപ്പോൾ ഏറെയും പോസറ്റീവ് റിവ്യുവാണ് കിട്ടിയത്. മാത്രമല്ല മണിക്കൂറുകൾക്കുള്ളിൽ വീഡിയോ പത്ത് ലക്ഷം വ്യൂസ് കടക്കുകയും ചെയ്തു.’
‘പൊതുവെ ഞാൻ എന്ത് വീഡിയോ ഇട്ടാലും വീട്ടിലുള്ള ആരും വലുതായി റിയാക്ട് ചെയ്യാറില്ല. എന്റെ വീട്ടിൽ എല്ലാവർക്കും അവരവരുടേതായ തീരുമാനം എടുക്കാനുള്ള അവകാശവും ഫ്രീഡവും തന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ സാധാരണ ഒരു വീട്ടിലുള്ള ആളുകൾ റിയാക്ട് ചെയ്യുന്നത് പോലെ ചെയ്ത് പ്രോബ്ലം ഒന്നും ഉണ്ടാക്കില്ല. എന്റെ സന്തോഷമാണ് എന്റെ കുടുംബത്തിന്റെ സന്തോഷം. ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ ഞാൻ സന്തോഷവതിയാണെങ്കിൽ അവരും സന്തോഷിക്കും.’
‘അല്ലാതെ ജഡ്ജ് ചെയ്യാനോ ചോദ്യം ചെയ്യാനൊ നിൽക്കാറില്ല അവരാരും. അതുകൊണ്ട് തന്നെ എന്റെ വീട്ടിൽ പറയത്തക്ക റിയാക്ഷൻ ഒന്നും ഉണ്ടായില്ല. ചേച്ചിയെക്കാൾ മുമ്പ് ഞാൻ വിവാഹിതയാകും എന്ന കാര്യം എനിക്ക് തന്നെ അറിയാമായിരുന്നു.’
‘ചേച്ചി കരിയറിലാണ് ഇപ്പോൾ ഫോക്കസ് ചെയ്തിരിക്കുന്നത്. എനിക്ക് എന്റെ ബിസിനസും നോർമൽ ലൈഫുമാണ് പ്രധാനം. അതുകൊണ്ട് തന്നെ ആർക്കും വലിയ ഞെട്ടലുണ്ടായില്ലെന്നാണ്’, ദിയ പറഞ്ഞത്. സീനിയർ സോഫ്റ്റ്വെയർ ഡവലപ്പറാണ് അശ്വിൻ ഗണേഷ്.