ആശുപത്രി യുദ്ധക്കളമല്ലെന്ന് ഐക്യരാഷ്ട്രസഭ,അൽ ശിഫയിലെ ജീവനക്കാരടക്കം ആശങ്കയിൽ
ഗാസാ സിറ്റി: ഗാസയിലെ അല്‍ ശിഫ ആശുപത്രിയെ ലക്ഷ്യമാക്കിയുള്ള ഇസ്രയേലിന്റെ സൈനിക ദൗത്യത്തെത്തുടര്‍ന്ന് ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് സുരക്ഷിതസ്ഥാനത്ത് ഒളിക്കേണ്ടിവന്നുവെന്ന് ഡോക്ടര്‍മാര്‍. ജീവനക്കാര്‍ വെടിയേല്‍ക്കുമെന്ന ഭയംമൂലം ജനാലകള്‍ക്കരികില്‍നിന്ന് അകലം പാലിക്കുകയാണെന്നും ഡോക്ടര്‍മാര്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഗാസ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയാണ് അല്‍ ശിഫ. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) ദൗത്യം ആരംഭിച്ചതോടെ കടുത്ത ആശങ്കയിലാണ് ആശുപത്രിയിലുള്ളവര്‍ എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
അല്‍-ശിഫയിലെ അത്യാഹിതവിഭാഗം, റിസപ്ഷന്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ ധാരാളം ഇസ്രയേല്‍ സൈനികരും കമാന്‍ഡോകളുമുണ്ടെന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ യൂസഫ് അബുല്‍ റീഷ് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. മുറികളിലടക്കം സൈനികര്‍ പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം.
ആശുപത്രിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഹമാസ് സംഘാങ്ങളെ നേരിടേണ്ടിവന്നുവെന്നാണ് ഐ.ഡി.എഫ്. പറയുന്നത്. എന്നാല്‍ ആശുപത്രിക്കുള്ളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ അവകാശപ്പെടുന്നു. രോഗികളുമായി ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. ഹോസ്പിറ്റലില്‍ കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണമടക്കം എത്തിച്ചു – അവര്‍ പറയുന്നു.
അല്‍ ശിഫ ആശുപത്രിക്കടിയില്‍ ഹമാസിന് കമാന്‍ഡ് സെന്റര്‍ ഉണ്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്. സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഇവിടെനിന്നുള്ളതുരങ്കങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനാലാണ് സൈനിക ദൗത്യം വേണ്ടിവന്നതെന്ന് ഇസ്രയേല്‍ സേന പറയുന്നു.
ആശുപത്രിക്കുള്ളില്‍ ആയുധങ്ങള്‍ അടക്കമുള്ളവ കണ്ടെത്തിയതായി ഇസ്രായേല്‍ സൈനിക വക്താവ് അവകാശപ്പെട്ടതായും വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇസ്രയേല്‍ സേനയുടെ നടപടിയില്‍ ഐക്യരാഷ്ട്രസഭ (യു.എന്‍) യും റെഡ് ക്രോസും ആശങ്ക അറിയിച്ചു. ആശുപത്രികള്‍ യുദ്ധകളങ്ങള്‍ അല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ വിഭാഗം തലവന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്സ് പറഞ്ഞു. അല്‍-ശിഫയിലെ സൈനിക നീക്കം ഞെട്ടിക്കുന്നതാണെന്നും നവജാത ശിശുക്കള്‍, രോഗികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘അല്‍-ഷിഫ ആശുപത്രിയിലേക്കുള്ള സൈനിക നീക്കത്തിന്റെ റിപ്പോര്‍ട്ടുകള്‍ വളരെ ആശങ്കാജനകമാണ്. ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുമായി ഞങ്ങള്‍ക്ക് ബന്ധം നഷ്ടപ്പെട്ടു. അവരുടെയും രോഗികളുടെയും സുരക്ഷയില്‍ ഞങ്ങള്‍ വളരെയധികം ആശങ്കാകുലരാണ്.’ ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഭീകരത അവസാനിപ്പിക്കണമെന്ന് റെഡ് ക്രോസും ആവശ്യപ്പെട്ടു.