30 C
Kottayam
Saturday, May 11, 2024

ഗാസയെ തുടച്ചുനീക്കലല്ല തീവ്രവാദത്തിനെതിരായ പോരാട്ടം; ഇസ്രയേലിനെതിരെ ഇമ്മാനുവല്‍ മാക്രോണ്‍

Must read

പാരിസ്‌:തീവ്രവാദത്തിനെതിരെ പോരാടുകയെന്ന ഇസ്രയേലിന്റെ ലക്ഷ്യം ഗാസയെ തുടച്ചുനീക്കുകയല്ലെന്ന പ്രതികരണവുമായി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. തീവ്രവാദത്തിനെതിരെ പോരാടുകയെന്നാല്‍ ഗാസയിലെ സാധാരണ ജനങ്ങളെ വിവേചനരഹിതമായി ആക്രമിക്കുകയല്ലെന്നും മാക്രോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രയേല്‍ ഇത്തരത്തിലുള്ള പ്രതികരണം അവസാനിപ്പിക്കണമെന്നും എല്ലാ ജീവനും തുല്യമാണെന്നും അവയെ സംരക്ഷിക്കണമെന്നും മാക്രോണ്‍ പറയുന്നു.

എന്നാല്‍ ഇസ്രയേലിന് പ്രതിരോധിക്കാനും തീവ്രവാദത്തിനെതിരെ പോരാടാനുമുള്ള അവകാശമുണ്ടെന്നും മാക്രോണ്‍ പറഞ്ഞു. മാനുഷിക വെടിനിര്‍ത്തലിനും മാക്രോണ്‍ ആഹ്വാനം ചെയ്തു. ഇസ്രയേലിന്റെ മനുഷ്യത്വവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ നേരത്തെയും മാക്രോണ്‍ വിമര്‍ശിച്ചിരുന്നു. ഹമാസിനെ ഉന്മൂലനം ചെയ്യുകയെന്ന ഇസ്രയേലിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലെത്താന്‍ ഒരു ദശാബ്ദമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗാസയിലെ ഇസ്രയേലിന്റെ ലക്ഷ്യമെന്തെന്ന് അധികാരികള്‍ കൃത്യമാക്കണമെന്നും തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ പോരാടുന്നത് സാധാരണ ജനങ്ങളുടെ നേരെ ബോംബ് വര്‍ഷിച്ചിട്ടല്ലെന്നും ദുബായില്‍ വെച്ച് നടന്ന കോപ് 28 കാലാവസ്ഥാ ഉച്ചകോടിയില്‍ സംസാരിക്കവേ മാക്രോണ്‍ പറഞ്ഞു.

”ഇസ്രയേല്‍ അധികാരികള്‍ അവരുടെ ലക്ഷ്യങ്ങളും അന്തിമഘട്ടവും കൃത്യമാക്കേണ്ട ഘട്ടത്തിലാണ് നാമുള്ളത്. ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുകയെന്നത് യാഥാര്‍ത്ഥ്യമാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? അങ്ങനെയെങ്കില്‍ യുദ്ധം 10 വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച സംഘര്‍ഷത്തില്‍ മാക്രോണ്‍ ഇസ്രയേലിന് നല്‍കിയ പിന്തുണയില്‍ അറബ് നേതാക്കളും ഫ്രഞ്ച് നയതന്ത്രജ്ഞരും നിരാശയിലായിരുന്നു. അമേരിക്കയില്‍ നിന്നും സ്വതന്ത്രമായ ഒരു നയമാണ് ഇസ്രയേല്‍ വിഷയത്തില്‍ മാക്രോണ്‍ സ്വീകരിച്ചത്. നിലവില്‍ ഇതുവരെ സ്ത്രീകളും കുട്ടികളുമടക്കം 20,000ത്തോളം പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week