KeralaNews

ഇ.ഡി സൂപ്പർ ഏജൻസിയല്ല;ഒട്ടേറെ പരിമിതികളുണ്ടെന്ന്‌ ഹൈക്കോടതി

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സൂപ്പര്‍ അന്വേഷണ ഏജന്‍സിയല്ലെന്നും അവര്‍ക്ക് ഒട്ടേറെ പരിമിതികളുണ്ടെന്നും ഹൈക്കോടതി. കൊടകര കുഴല്‍പ്പണക്കേസില്‍ ഇ.ഡി. അടക്കം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായിക്കാട്ടി ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് പി. ഗോപിനാഥും ജസ്റ്റിസ് വി.എം. ശ്യാംകുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം.

മുഴുവന്‍ കക്ഷികളുടെയും വാദംകേട്ട കോടതി ഹര്‍ജി വിധിപറയാന്‍ മാറ്റി. പണം കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ കൊടകര പോലീസ് രജിസ്റ്റര്‍ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്തതായി ഇ.ഡി. കോടതിയെ അറിയിച്ചു. ഇതില്‍ അന്വേഷണം നടന്നുവരുകയാണ്.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പി.ക്കുവേണ്ടി 3.5 കോടി രൂപ കര്‍ണാടകയില്‍നിന്ന് കേരളത്തില്‍ എത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്നാണ് ഹര്‍ജിയിലെ ആരോപണം. കുറ്റകരമായ മാര്‍ഗത്തിലൂടെ ഉണ്ടാക്കിയ പണം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ(പി.എം.എല്‍.എ.)പ്രകാരം അന്വേഷണം നടത്തി സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയാണ് ഇ.ഡി. ചെയ്യുന്നതെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി പറഞ്ഞു.

ഫെമ നിയമപ്രകാരവും അന്വേഷണം നടത്തും. പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തശേഷമാണ് ബന്ധപ്പെട്ട കുറ്റകൃത്യത്തില്‍ ഇ.ഡി.യുടെ അന്വേഷണം ഉണ്ടാവാറുള്ളതെന്നും കോടതി വ്യക്തമാക്കി. ഗൂഢലക്ഷ്യത്തോടെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നതെന്ന് ഇ.ഡി. സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button