ധനമന്ത്രിയുമായി സമ്പര്‍ക്കം; മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും കോവിഡ് നിരീക്ഷണത്തിൽ
തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക്കിനെ കോവിഡ് സ്ഥിരീകരിച്ചത്തോടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ളയും സ്വയം നിരീക്ഷണത്തിൽ പോയി. തോമസ് ഐസകുമായി സമ്പർക്കത്തിൽ വന്ന സാഹചര്യത്തിലാണ് ഇവർ നിരീക്ഷണത്തിൽ പോയിരിക്കുന്നത്.
വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഇവർക്കൊപ്പം തോമസ് ഐസകും എകെജി സെന്ററിൽ ഉണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോകുന്നത്. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ധനമന്ത്രിക്ക് രോഗം കണ്ടെത്തിയത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ഇതാദ്യമായാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ആർക്കും രോഗം കണ്ടെത്തിയിട്ടില്ല.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിവിഐപികൾക്ക് വേണ്ടി തയ്യാറാക്കിയ മുറിയിൽ ഇദ്ദേഹത്തെ താമസിപ്പിക്കും. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇത് പരിശോധിക്കും. പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടു.