KeralaNews

അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് വാട്സ്ആപ്പില്‍ ‘ഹായ്’ അയച്ച നാല് ലക്ഷദ്വീപ് നിവാസികള്‍ കസ്റ്റഡിയില്‍

കൊച്ചി: പരിഷ്‌കാരങ്ങളും നിയമങ്ങളും ലക്ഷദ്വീപ് ജനങ്ങളെ വീര്‍പ്പുമുട്ടിക്കുന്നതിനിടെ ദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് വാട്സാപ്പ് സന്ദേശം അയച്ചെന്നാരോപിച്ച് നാല് ദ്വീപ് നിവാസികള്‍ പോലീസ് കസ്റ്റഡിയില്‍. അഗത്തി ദ്വീപില്‍ നിന്നുള്ള മൂന്ന് പേരെയും ബിത്ര ദ്വീപില്‍ നിന്നുള്ള ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ എടുത്തവരില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.

ഇതില്‍ അഗത്തി ദ്വീപില്‍ നിന്നുള്ള രണ്ട് പേര്‍ 18 വയസിന് താഴെ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ്. ഹായ് എന്ന സന്ദേശമാണ് ഇവര്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് അയച്ചതെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്.

അതേസമയം, പ്രതികാര നടപടി പോലെ ദ്വീപ് നിവാസികളെ കസ്റ്റഡിയില്‍ എടുക്കുമ്പോഴും ഇവിടുത്തെ ജനങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ സമരം നടത്താന്‍ പോലുമാകില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്ലക്കാര്‍ഡുമായി വീടിനു മുന്നില്‍ നിന്നും മറ്റുമാണ് ദ്വീപ് സമൂഹം അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നത്.

ഇത്തരത്തില്‍ പ്രതിഷേധത്തിന്റെ ഭാഗമായി ചിലര്‍ വാട്സ്ആപ്പില്‍ സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. എന്നാല്‍ സന്ദേശത്തില്‍ അഡ്മിനിസ്ട്രേറ്ററെ ഭീഷണിപ്പെടുത്തുന്ന ഒന്നും ഇല്ലായിരുന്നെന്നും ദ്വീപ് നിവാസികള്‍ പറയുന്നു. പോലീസ് നടപടിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കോദാഭായ് പട്ടേലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലക്ഷദ്വീപ് ബി.ജെ.പി ഘടകം രംഗത്ത് വന്നിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കാര്യത്തില്‍ പുനരാലോചന വേണമെന്ന് ബി.ജെ.പി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി എച്ച്.കെ. മുഹമ്മദ് കാസിം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കത്തയച്ചു.

അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ പട്ടേല്‍ എത്തിയതിനു പിന്നാലെ നടത്തിയ പരിഷ്‌കാരങ്ങള്‍ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 20-ആണ് കത്തിലെ തിയതി.ലക്ഷദ്വീപിലെ കര്‍ഷകര്‍ക്ക് നല്‍കി വന്ന സഹായങ്ങള്‍ നിര്‍ത്തലാക്കിയതിനെ കുറിച്ചും സ്‌കൂളുകള്‍ അടച്ചുപൂട്ടിയതിനെ കുറിച്ചും കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിട്ടതിനെ കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

അഡ്മിനിസ്ട്രേറ്റര്‍ ദ്വീപിലെ വിവിധ ക്ഷേമപദ്ധതികള്‍ നിര്‍ത്തലാക്കി. ദ്വീപിലെ ദുരിത സാഹചര്യം കണക്കിലെടുക്കാതെ ജനദ്രോഹ നയങ്ങള്‍ നടപ്പാക്കുന്നു. ദിനേശ്വര്‍ ശര്‍മയുടെ മരണശേഷം ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല വഹിക്കുന്ന പ്രഫുല്‍ പട്ടേല്‍, ലക്ഷദ്വീപില്‍ വരാറില്ലെന്നും പുതിയ അഡ്മിനിസ്ട്രേറ്റര്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നില്ലെന്നും മുഹമ്മദ് കാസിം ചൂണ്ടിക്കാട്ടുന്നു.

2020 ഒക്ടോബറില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല ഏറ്റെടുത്തതിനു ശേഷം വെറും മൂന്നുതവണ മാത്രമാണ് പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലേക്ക് വന്നത്. ദിവസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഹ്രസ്വസന്ദര്‍ശനങ്ങളായിരുന്നു അവ. കഴിഞ്ഞ രണ്ടുമാസമായി പട്ടേല്‍ ലക്ഷദ്വീപില്‍ എത്തിയിട്ടില്ലെന്നും കാസിം കത്തില്‍ പറയുന്നു. ലക്ഷദ്വീപില്‍ ഭരണസ്തംഭനമാണെന്നും അദ്ദേഹം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker