സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല,മുന്‍കൂട്ടി അറിയിക്കാത്തതില്‍ കേന്ദ്രനേതൃത്വത്തോട് അമര്‍ഷം
തിരുവനന്തപുരം: സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന് സൂചന. നിയമനത്തെക്കുറിച്ച് പാര്‍ട്ടി കേന്ദ്രനേതൃത്വം മുന്‍കൂട്ടി അറിയിക്കാത്തതില്‍ സുരേഷ് ഗോപിക്ക് അമര്‍ഷമുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ചാനല്‍ സ്‌ക്രോളുകളിലൂടെയാണ് നിയമനം സംബന്ധിച്ച വിവരം സുരേഷ് ഗോപി അറിഞ്ഞത്. ഇതിലുള്ള അമര്‍ഷം ബിജെപി കേന്ദ്ര നേതൃത്വത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹം നേരിട്ട് അറിയിച്ചേക്കും. അടുത്ത ദിവസം ഒരു സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹം ഡല്‍ഹിയിലെത്തുന്നുണ്ട്. അവിടെവെച്ച് പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും കണ്ടേക്കുമെന്നാണ് വിവരം.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍നിന്ന് സുരേഷ് ഗോപി വീണ്ടും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഒക്ടോബര്‍ രണ്ടിന് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരേ പദയാത്ര ഉള്‍പ്പെടെ തീരുമാനിച്ച് തൃശൂരില്‍ സജീവ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് അദ്ദേഹത്തിന് പുതിയ സ്ഥാനം നല്‍കിയത്. നിയമനം മൂന്ന് വര്‍ഷത്തേക്കാണ് എന്നതിനാല്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചേക്കില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സുരേഷ് ഗോപിയെ പിന്തുണയ്ക്കുന്ന നിരവധി പേര്‍ നിയമനത്തെ ചോദ്യംചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയിട്ടുണ്ട്.
പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കമാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുരേഷ് ഗോപിക്ക് പുതിയ നിയമനം നല്‍കിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതേസസമയം ഇക്കാര്യത്തില്‍ സുരേഷ് ഗോപി പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
സജീവ രാഷ്ട്രീയ ഇടപെടലുകളുമായി മുന്നോട്ടുപോകുമ്പോള്‍ രാഷ്ട്രീയ ബന്ധമില്ലാത്ത സ്ഥാനത്ത് നിയമിച്ചത് എന്തിനാണെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികള്‍ ചോദിക്കുന്നത്. തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല പിന്നല്ലേ തകര്‍ക്കാന്‍, ചാരമാണെന്ന് കരുതി ചെകയാന്‍ നില്‍ക്കണ്ട കനലു കെട്ടിട്ടില്ലെങ്കില്‍ പൊള്ളും എന്ന് ഉള്‍പ്പെടെയുള്ള പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കൊല്‍ക്കത്ത ആസ്ഥാനമായുള്ള സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായും ഭരണസമിതി ചെയര്‍മാനായും കഴിഞ്ഞദിവസമാണ് സുരേഷ് ഗോപിയെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തത്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ എക്‌സിലൂടെയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്.