33.9 C
Kottayam
Sunday, April 28, 2024

തിക്കും തിരക്കും; ബി.ജെ.പി പരിപാടിയില്‍ നിന്ന് സുരേഷ് ഗോപി ഇറങ്ങിപ്പോയി

Must read

കൊട്ടാരക്കര: പാര്‍ട്ടി പ്രവര്‍ത്തകരും കാണാനെത്തിയവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തിക്കിതിരക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിച്ച പരിപാടി പൂര്‍ത്തിയാക്കാതെ സുരേഷ് ഗോപി എംപി ക്ഷുഭിതനായി മടങ്ങി. ഞായറാഴ്ച കൊട്ടാരക്കരയിലായിരുന്നു സംഭവം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച സേവാസമര്‍പ്പണ്‍ അഭിയാന്‍ സ്മൃതി കേരം പദ്ധതിയുടെ ഉദ്ഘാടനത്തിനായാണ് സുരേഷ് ഗോപി കൊട്ടാരക്കരയിലെത്തിയത്.

ബിജെപി കൊട്ടാരക്കര, പത്തനാപുരം, ആയൂര്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കൊട്ടാരക്കര മാര്‍ത്തോമ്മ ജൂബിലി മന്ദിരത്തില്‍ ആയിരുന്നു പരിപാടി. സുരേഷ് ഗോപി കാറില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ അദ്ദേഹവും സഹായിയും ആളുകളോട് അകന്നു നില്‍ക്കാന്‍ പറയുന്നുണ്ടായിരുന്നു. ആദ്യം ഇതാരും മുഖവിലക്കെടുത്തില്ല.

പിന്നീടദ്ദേഹം ജൂബിലി മന്ദിരം വളപ്പില്‍ മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണക്കായി തെങ്ങിന്‍ തൈ നട്ടപ്പോഴും ആളുകള്‍ തിക്കിതിരക്കി. കാമറയില്‍ മുഖം കാണിക്കാനും ഒപ്പം നിന്ന് പടമെടുക്കാനുംവേണ്ടിയായിരുന്നു ആളുകള്‍ ഇടിച്ചു കയറിയത്. അകന്നു നില്‍ക്കാന്‍ സുരേഷ് ഗോപി പല തവണ പറഞ്ഞെങ്കിലും ജനം ചെവിക്കൊണ്ടതേയില്ല. തെങ്ങ് വിതരണത്തിനായി അദ്ദേഹം പന്തലിലെത്തിയപ്പോഴും ജനം തിങ്ങിക്കൂടുകയായിരുന്നു.

കസേരകളിലിരിക്കാന്‍ സുരേഷ് ഗോപി അഭ്യര്‍ഥിച്ചെങ്കിലും അനുസരിക്കാന്‍ ആളുകള്‍ തയാറായില്ല. തുടര്‍ന്ന് വേദിയില്‍ കയറാതെ അദ്ദേഹം വേദിക്കു താഴെ നിന്ന് രണ്ടു ഭിന്നശേഷിക്കാര്‍ക്ക് തെങ്ങിന്‍ തൈ നല്‍കി. ആമിനക്കും കണ്ണനുമാണ് തെങ്ങിന്‍ തൈ നല്‍കിയത്. തൈകള്‍ക്ക് താരം പേരുമിട്ടു. ശിഹാബ് തങ്ങളെന്നും മൊയ്തു മൗലവിയെന്നുമാണ് പേരിട്ടത്.

ഈ സമയത്തും ആളുകള്‍ തിക്കിതിരക്കുകയായിരുന്നു. സുരേഷ്‌ഗോപിയും ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാറും മണ്ഡലം പ്രസിഡന്റ് വയക്കല്‍ സോമനും ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചെങ്കിലും ഒഴിഞ്ഞു നില്‍ക്കാന്‍ ജനം തയാറായിയില്ല. ഇതോടെ സുരേഷ് ഗോപി വേദിയില്‍ കയറാതെയും ഉദ്ഘാടന പ്രസംഗം നടത്താതെയും ക്ഷുഭിതനായി മടങ്ങുകയായിരുന്നു.

തെങ്ങിന്‍ തൈ വിതരണം പൂര്‍ത്തിയാക്കാതെയും നേതാക്കളോടുപോലും മിണ്ടാതെയുമായിരുന്നു സുരേഷ് ഗോപിയുടെ മടക്കം. നാളീകേര വികസന ബോര്‍ഡ് ചെയര്‍മാനടക്കമുള്ളവര്‍ വേദിയിലിരിക്കുമ്പോഴാണ് വേദിയില്‍ പോലും കയറാതെ താരം മടങ്ങിയത്. എംപിക്ക് തിരക്കുള്ളതിനാലാണ് പെട്ടെന്ന് മടങ്ങിയതെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week