KeralaNews

ആളാവാന്‍ വരരുത്, അവരോട് ഇറങ്ങിപ്പോകാന്‍ പറ; മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സുരേഷ് ഗോപി

കൊച്ചി: ചോദ്യം ചോദിച്ച വനിത മാധ്യമ പ്രവർത്തകയോട് കയർത്ത് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. വനിത മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലെ ചോദ്യമാണ് പ്രകോപിപ്പിച്ചത്. റിപ്പോർട്ടർ ടി വി മാധ്യമ പ്രവർത്തകയോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു.

”ആളാവാന്‍ വരരുത്…കോടതിയാണ് നോക്കുന്നത്. അവര് നോക്കിക്കോളും. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വക്താവ് ഇവിടെ വന്ന് എന്ത് കോടതി എന്നാണ് ചോദിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് തുടരണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ പറയൂ. അവരോട് പുറത്തുപോകാന്‍ പറ…” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സ്ത്രീകൾക്ക് മാത്രമായുള്ള സിനിമാ പ്രദർശനത്തിൽ പങ്കെടുക്കാൻ തൃശൂർ ഗിരിജ തിയറ്ററിൽ എത്തിയതായിരുന്നു സുരേഷ് ഗോപി.

”പ്രേക്ഷകര്‍ സിനിമ ആസ്വദിക്കുന്നു. അതെനിക്ക് ഈശ്വാരനുഗ്രഹം തന്നെയാണ്. ആ ഈശ്വരാനുഗ്രഹം താന്‍ സന്തോഷപൂര്‍വം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഞാനൊന്നും പറഞ്ഞിട്ടില്ല. എനിക്ക് പേടിയാണ്. മാറിനില്‍ക്കണമെന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. അതിനുള്ള അവകാശം എനിക്കില്ലേ. അതിന് വാര്‍ത്താ കച്ചവടക്കാരന്‍ ക്ലാസെടുത്തു വിട്ടിരിക്കുന്ന വാചകങ്ങളൊന്നും ഇവിടെ എഴുന്നള്ളിക്കരുത്.

കോടതിയെയാണ് പുച്ഛിച്ചിരിക്കുന്നത്. ഞാനാ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്. ‘എന്തു കോടതി’ നിങ്ങളില്‍ ആര്‍ക്കെങ്കിലും പറയാന്‍ അവകാശമുണ്ടോ? എന്താ ഒന്നും മറുപടി പറയാത്തത്. അതൊക്കെ വേറെ വിഷയങ്ങളാണ്. അതിനകത്ത് രാഷ്ട്രീയവും കാര്യങ്ങളൊന്നും ഉന്നയിക്കരുത്.എന്‍റെയും സിനിമ ഇന്‍ഡസ്ട്രിയുടെയും ബലത്തില്‍ ഗരുഡന്‍ പറന്നുയരുകയാണ്. അത് നാടാകെ ആഘോഷിക്കുമ്പോള്‍ ഞാനും ആ ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്” സുരേഷ് ഗോപി തുടര്‍ന്ന് പറഞ്ഞു.

കഴിഞ്ഞ ദിവസവും സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സംസാരിച്ചിരുന്നു. തന്‍റെ വഴി നിഷേധിച്ചാൽ മാധ്യമപ്രവർത്തകർക്കെതിരെ കേസ് കൊടുക്കുമെന്നാണ് താരം പറഞ്ഞത്. മാധ്യമ പ്രവർത്തക നൽകിയ പരാതി കോടതി നോക്കിക്കോളുമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞിരുന്നു.

കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെ സുരേഷ് ഗോപി മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിനോട് മോശമായി പെരുമാറിയത് വിവാദമായിരുന്നു. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. ഇതോടെ മാധ്യമ പ്രവർത്തകയ്ക്ക് കൈപിടിച്ചു മാറ്റേണ്ടതായി വന്നു.

ഇതിനു പിന്നാലെ താരം മാപ്പ് ചോദിച്ച് രംഗത്തെത്തുകയും ചെയ്തു. പെരുമാറിയത് വാത്സല്യത്തോടെയാണെന്നും മോശമായി തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ താരത്തിനെതിരെ കേസെടുത്തിരുന്നു. 354A വകുപ്പ് പ്രകാരം നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. ലൈംഗിക ഉദ്ദേശത്തോട് കൂടിയുള്ള പെരുമാറ്റത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker