27.6 C
Kottayam
Monday, April 29, 2024

മുന്നാക്ക സംവരണം;അഞ്ചംഗ ബെഞ്ചിൽ അനുകൂലിച്ച് 3 പേര്‍, എതിര്‍ത്ത് ചീഫ് ജസ്റ്റിസും രവീന്ദ്ര ഭട്ടും

Must read

ന്യൂഡല്‍ഹി: തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണ ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതിയെ സുപ്രീം കോടതി ശരിവച്ചെങ്കിലും ചീഫ് ഉള്‍പ്പെടെ ബെഞ്ചിലെ രണ്ടുപേര്‍ തീരുമാനത്തെ എതിര്‍ത്തു. സംവരണത്തെ എതിര്‍ത്ത ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ ഭിന്നവിധിയോട് താന്‍ അനുകൂലിക്കുന്നതായി വിധി പ്രസ്താവത്തിന്റെ ഒടുവിലാണ് ചീഫ് ജസ്റ്റിസ് യു.യു ലളിത് വ്യക്തമാക്കിയത്.

അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ രണ്ടുപേര്‍ സംവരണത്തെ എതിര്‍ത്തെങ്കിലും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും ഭേല എം ത്രിവേദിയും ജെബി പര്‍ദിവാലയും സംവരണത്തെ അനുകൂലിച്ചതോടെ 3:2 എന്ന അനുപാദത്തില്‍ ഭേദഗതിയെ സുപ്രീംകോടതി ശരിവക്കുകയായിരുന്നു.

ആകെ നാല് വിധി പ്രസ്താവങ്ങളാണ് ഹര്‍ജിയിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സുപ്രീം കോടതിയുടെ കേസ് പട്ടിക പ്രകാരം ചീഫ് ജസ്റ്റിസ് യുയു ലളിത് ജസ്റ്റിസ് ദിനേശ് മഹേശ്വരി എഴുതുന്ന വിധിക്കൊപ്പമാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ദിനേശ് മഹേശ്വരിയും ഭേല എം ത്രിവേദിയും രവീന്ദ്ര ഭട്ടും തങ്ങളുടെ വിധി പ്രസ്താവം വായിച്ചുകഴിഞ്ഞ ശേഷമാണ് ജസ്റ്റിസ് രവീന്ദ്ര ഭട്ട് എഴുതിയ ഭിന്ന വിധിക്കൊപ്പമാണ് താന്‍ നില്‍ക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് നിലപാട് രേഖപ്പെടുത്തിയത്.

സാമ്പത്തിക സംവരണത്തിന്റെ പരിധിയില്‍നിന്ന് എസ്.സി, എസ്.ടി, ഒബിസി വിഭാഗങ്ങളെ മാറ്റിക്കൊണ്ടുള്ള നടപടി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും സാമൂഹിക നീതിക്കും എതിരാണെന്നും അതിനാല്‍ 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനാപരമല്ലെന്നാണ് ജസ്റ്റിസ് രവീന്ദ്ര ഭട്ട് ചൂണ്ടിക്കാണിച്ചത്. ജാതി വിവേചനത്തിന്റെ ദുരിതങ്ങളെ നിയമപരമായി അംഗീകരിക്കുന്നതിന് തുല്യമാണ് മുന്നാക്ക സംവരണമെന്നും രവീന്ദ്ര ഭട്ട് നിരീക്ഷിച്ചു. ഈ വിധിയോടാണ് തനിക്ക് യോജിപ്പെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. അതേസമയം സാമ്പത്തിക സംവരണത്തില്‍ പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനാ വിരുദ്ധമല്ലെന്നാണ് സംവരണത്തെ അനുകൂലിച്ച മൂന്ന് ജസ്റ്റിസുമാരും ചൂണ്ടിക്കാണിച്ചത്.

2019 ജനുവരിയിലാണ് 103-ാമത് ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പാസാക്കുന്നത്. ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളില്‍ ഭേദഗതി ചെയതാണ് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുള്ള ഹര്‍ജികളിലാണ് സാമ്പത്തിക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

സംവരണം നല്‍കുന്നതിന് സാമ്പത്തികസ്ഥിതി കണക്കിലെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സംവരണം അമ്പത് ശതമാനം കടക്കരുതെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഭരണഘടനാ ഭേദഗതിയെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ അവകാശം കവരുന്നില്ലെന്നും അതിനാല്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week