മേയറുടെ പേരിലുള്ള കത്ത്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, സിപിഐഎമ്മും അന്വേഷണത്തിന്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ പുറത്തുവന്ന കത്ത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. തന്റെ പേരില്‍ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉത്തരവിട്ടു.

ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ് മധുസൂദനന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍കാലിക നിയമനങ്ങളിലേക്ക് പാര്‍ട്ടിക്കാരെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് അയച്ച മേയറുടെ പേരിലുള്ള കത്ത് സംബന്ധിച്ചാണ് അന്വേഷണം.

വിവാദമായ കത്ത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ സിപിഐഎമ്മും തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് അന്വേഷണം സംബന്ധിച്ച തീരുമാനമുണ്ടായത്. കത്ത് വിവാദമായതോടെ താന്‍ എഴുതിയതല്ലെന്ന് വ്യക്തമാക്കി മേയര്‍ ആര്യാ രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News