ജെ.എന്‍.യുവില്‍ വീണ്ടും വിദ്യാര്‍ത്ഥി സംഘര്‍ഷം; വി.സിയെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍
ന്യൂഡല്‍ഹി: ഫീസ് വര്‍ധന ഉള്‍പ്പടെയുള്ള വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) യില്‍ ആരംഭിച്ച സമരത്തില്‍ വീണ്ടും വിദ്യാര്‍ത്ഥി സംഘര്‍ഷം. കേന്ദ്രസേനയെ ക്യാമ്പസില്‍ വിന്യസിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം. വൈസ് ചാന്‍സിലറെ കാണാതെ സമരം അവസാനിപ്പില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. വന്‍ പോലീസ് സന്നാഹത്തെ കൂടാതെ അര്‍ധ സൈനികരും സമരക്കാരെ നേരിടാനായി സര്‍വ്വകലാശാലയിലെത്തി. സമരം 5 മണിക്കൂര്‍ പിന്നിടുമ്പോള്‍ പ്രതിരോധം തീര്‍ത്ത് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് അണിനിരക്കുന്നത്.
പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ വിദ്യാര്‍ത്ഥികള്‍ എടുത്ത് മാറ്റി. വിദ്യാര്‍ത്ഥികളെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയെങ്കിലും പിന്നെയും കൂട്ടമായി വന്ന് ധര്‍ണ നടത്തുകയായിരുന്നു. ഇതിനിടയില്‍ പോലീസ് മുന്നറിയിപ്പില്ലാതെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. കരട് ഹോസ്റ്റല്‍ മാനുവല്‍ ഏകപക്ഷീയമായി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാവിലെ ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന്റെ നേതൃത്വത്തില്‍ സമരം നടന്നത്. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പങ്കെടുത്ത ബിരുദദാന ചടങ്ങ ബഹിഷ്‌കരിച്ചാണ് വിദ്യാര്‍ത്ഥികള്‍ കാമ്പസിനുള്ളിലും തെരുവിലും പ്രതിഷേധിച്ചത് ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി രമേശ് പൊക്രിയാനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവച്ചിരുന്നു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റു ചെയ്ത് നീക്കിയിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയോളമായി ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. പുതിയ സമയക്രമത്തിലെ അതൃപ്തി വിദ്യാര്‍ത്ഥികള്‍ രേഖാമൂലം വൈസ് ചാന്‍സിലറെ അറിയിച്ചിരുന്നു. ഹോസ്റ്റലുകളില്‍ നേരത്തെ പ്രവേശിക്കണമെന്നും പ്രത്യേക ഡ്രസ്സ് കോഡ് ഏര്‍പ്പെടുത്തണമെന്നും പുതിയ വ്യവസ്ഥകള്‍ ആവശ്യപ്പെടുന്നു. ഉയര്‍ന്ന ഫീസ് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും വിദ്യാര്‍ത്ഥികള്‍ വാദിക്കുന്നു. ഇതാണ് പ്രതിഷേധധത്തിനിടയാക്കിയത്. പാര്‍ത്ഥസാരഥി റോക്സില്‍ പ്രവേശനത്തിന് സമയനിയന്ത്രണം കൊണ്ടുവന്നതും വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസുകള്‍ പൂട്ടാന്‍ ശ്രമിച്ചതും പ്രതിഷേധത്തിന് കാരണമാണ്. ബിരുദദാന ചടങ്ങ് നടക്കുന്ന എഐസിടിഇ ഓഡിറ്റോറിയത്തിനു സമീപമാണ് പ്രതിഷേധം ആരംഭിച്ചത്. ഹോസ്റ്റല്‍ മാനുവല്‍ പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.