ഹൃതിക് റോഷനോടുള്ള അമിത ആരാധന; ഭര്‍ത്താവ് ഭാര്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തു
ന്യുയോര്‍ക്ക്: ബോളിവുഡ് നടന്‍ ഹൃതിക് റോഷനോടുള്ള ആരാധനയെ തുടര്‍ന്നുണ്ടായ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ന്യുയോര്‍ക്കിലെ ക്വീന്‍സിലാണ് സംഭവം. ഭാര്യയുടെ ഹൃതിക് റോഷന്‍ ഭ്രമമാണ് രണ്ടു മരണത്തില്‍ കലാശിച്ചത്. ഹൃതിക് റോഷനോട് ഭാര്യയ്ക്കുള്ള ഇഷ്ടം ഭര്‍ത്താവില്‍ അസൂയ ഉണ്ടാക്കിയിരുന്നു. ഒരു മദ്യശാലയിലെ ജീവനക്കാരിയായിരുന്നു ഹൃതിക് റോഷന്‍ ഫാനായ ഡോനി ഡോജോയ്. ഭര്‍ത്താവ് ദിനേശ്വര്‍ ബുദ്ധിദത്തിനൊപ്പം ആല്‍ബര്‍ട്ട് റോഡിലെ വസതിയിലാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ദിനേശ്വര്‍ തൂങ്ങിമരിച്ചത്.
വെള്ളിയാഴ്ച ഭര്‍ത്താവിനൊപ്പം സിനിമ കാണുന്നതിനായി അവര്‍ ഓസോണ്‍ പാര്‍ക്ക് അപ്പാര്‍ട്ട്മെന്റില്‍ എത്തിയിരുന്നു. ഇതിനിടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം അക്കാര്യമറിയിച്ച് അവരുടെ സഹോദരിക്ക് സന്ദേശമയച്ചു. അപ്പാര്‍ട്ട്മെന്റിന്റെ താക്കോല്‍ ചെടിച്ചട്ടിയുടെ അടിയില്‍ വച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റ് വിട്ട ഇയാള്‍ ഹോവാര്‍ഡ് ബീച്ചിലെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ദിനേശ്വറിന് ഭാര്യയോടു അതിയായ സ്നേഹമുണ്ടായിരുന്നുവെന്നും ഹൃതിക് റോഷനെ അവര്‍ ഇഷ്ടപ്പെടുന്നതിലുള്ള അസൂയയാവാം കൊലപാതകത്തില്‍ കലാശിച്ചതെന്നും സുഹൃത്തുക്കള്‍ പറയുന്നു. അതീവ സുന്ദരിയായ ഡോനി ബാറില്‍ ജോലിക്ക് നില്‍ക്കുന്നതും അയാളെ അസ്വസ്ഥനാക്കിയിരുന്നു. ഹൃതിക റോഷന്റെ സിനിമയോ പാട്ടുരംഗമോ ടിവിയില്‍ ഡോനി കാണുമ്പോള്‍ അയാള്‍ അസ്വസ്ഥനാകുകയും ചാനല്‍ മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.