കോട്ടയത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാനില്ല; ആറ്റില്‍ ചാടിയയെന്ന് സംശയം
കോട്ടയം: കോട്ടയത്ത് പരീക്ഷ കഴിഞ്ഞു മടങ്ങിയ വിദ്യാര്‍ഥിനിയെ കാണാതായി. ആറ്റില്‍ ചാടിയെന്ന സംശയത്തെത്തുടര്‍ന്ന് മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തുന്നു. ശനിയാഴ്ച ചേര്‍പ്പുങ്കലിലെ കോളജില്‍ ഡിഗ്രി പരീക്ഷ എഴുതാന്‍ എത്തിയ കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനിയായ വിദ്യാര്‍ഥിനിയെയാണു ശനിയാഴ്ച വൈകിട്ട് മുതല്‍ കാണാതായത്. ചേര്‍പ്പുങ്കല്‍ പള്ളിക്കു സമീപത്തെ പാലത്തില്‍ ബാഗ് കാണപെട്ടതോടെ ആറ്റില്‍ ചാടിയെന്ന നിഗമനത്തിലാണു തെരച്ചില്‍ നടക്കുന്നത്.
കാഞ്ഞിരപ്പള്ളി സ്വകാര്യ കോളേജ് വിദ്യാര്‍ഥിനിയാണ് കുട്ടി. ചേര്‍പ്പുങ്കലിലെ കോളജിലാണു ഡിഗ്രി പരീക്ഷയ്ക്ക് സെന്റര്‍ ലഭിച്ചത്. വൈകുന്നേരം ആറരയോടെ വീട്ടിലെത്താറുള്ള വിദ്യാര്‍ഥിനി ഏഴു മണിയായിട്ടും എത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബം കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കി.
പാലത്തില്‍ ബാഗ് കണ്ടെത്തിയതോടെയാണ് മീനച്ചിലാറ്റില്‍ പരിശോധന നടക്കുന്നത്. സ്‌കൂബ ടീമും പരിശോധനയ്ക്കുണ്ട്. മഴയെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ ശക്തമായ ഒഴുക്കുണ്ട്. എന്നാല്‍ വിദ്യാര്‍ഥിനി വെള്ളത്തിലേക്ക് ചാടുന്നത് സമീപവാസികള്‍ ആരും കണ്ടില്ല. കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു.