തോക്കുമായി ടിക്ടോക്ക് വീഡിയോ ചെയ്യുന്നതിനിടെ പതിനെട്ടുകാരന്‍ അബദ്ധത്തില്‍ വെടിയേറ്റു മരിച്ചു
ബറേലി: സൈനികനായ അച്ഛന്റെ തോക്കുമായി ടിക്ടോക്ക് വീഡിയോ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റു പതിനെട്ടു വയസുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ കേശവ് കുമാറാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് മുധിയ ഭീകംപുര്‍ ഗ്രാമത്തിലാണ് സംഭവം. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ കൗമാരക്കാരന്‍ സൈനികനായ അച്ഛന്റെ തോക്ക് ഉപയോഗിച്ച് ടിക്ടോക്ക് ചെയ്യാന്‍ ശ്രമിക്കവേയാണ് അപകടത്തില്‍പ്പെട്ടത്.
അമ്മയുടെ പക്കല്‍ നിന്ന് നിര്‍ബന്ധപൂര്‍വം തോക്ക് വാങ്ങിയായിരുന്നു ടിക്ടോക്കിന് ഒരുങ്ങിയത്. കേശവിന് തോക്ക് നല്‍കിയ ശേഷം അടുക്കള ജോലിയിലേക്ക് കടക്കവേ വെടിയൊച്ച കേട്ടു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ തലയ്ക്ക് വെടിയേറ്റ നിലയില്‍ കേശവിനെ കണ്ടെത്തുകയായിരുന്നുവെന്നു അമ്മ പറഞ്ഞു. കേശവിനെ ഉടന്‍ തന്നെ ബറേലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ടിക്ടോക്കും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള സാമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായിരുന്നു കേശവ്. നിരന്തരം പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റുകയും ടിക്ടോക്ക് വീഡിയോ എടുക്കുകയും ചെയ്യുമായിരുന്നു. വീട്ടിലെ ഭിത്തിയിലെ പതിപ്പിച്ചിരുന്ന തോളിലേന്തിയ പട്ടാളക്കാരന്റെ ചിത്രം അനുകരിച്ച് വീഡിയോ ചെയ്യാന്‍ ശ്രമിക്കവേയായിരുന്നു ദുരന്തമുണ്ടായത്.