24.9 C
Kottayam
Friday, May 24, 2024

കൊടുങ്ങല്ലൂരിൽ ആയൂർവേദ ഡോക്ടർക്കും മകൾക്കും തെരുവുനായയുടെ കടിയേറ്റു

Must read

തിരുവനന്തപുരം : സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ കുറവില്ല. ഇന്നും വിവിധ പ്രദേശങ്ങളിലായി നിരവധിപ്പേർക്കാണ് തെരുവുനായയുടെ കടിയേൽക്കേണ്ടി വന്നത്. കൊടുങ്ങല്ലൂരിൽ ആയൂർവേദ ഡോക്ടർക്കും മകൾക്കും തെരുവുനായയുടെ കടിയേറ്റു. കൊടുങ്ങല്ലൂർ സ്വദേശിയായ ഉണ്ണികൃഷ്ണൻ, മകൾ ആതിര എന്നിവർക്കാണ് പരിക്കേറ്റത്.ആതിരയുടെ രണ്ട് കാലിലും പരിക്കേറ്റു. ഇരുവരെയും ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയും എത്തിച്ച് ചികിത്സ നൽകി. നായയെ നിരീക്ഷണത്തിലാക്കി.

സമാനമായ രീതിയിൽ തിരുവനന്തപുരം വെള്ളനാട് മൂന്ന് പേർക്ക് തെരുവുനായകളുടെ കടിയേറ്റു. വെള്ളനാട് സ്വദേശികളായ രണ്ട് സ്ത്രീകൾക്കും മേപ്പാട്ടുമല സ്വദേശിക്കുമാണ് കടിയേറ്റത്. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പത്തനംതിട്ട കൊറ്റനാട് അമ്മയേയും മകളെയും കടിച്ച വളര്‍ത്തുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കൊറ്റനാട് സ്വദേശികളായ പുഷ്പ, മകള്‍ രേഷ്മ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. പേ വിഷബാധ സ്ഥിരീകരിച്ചതിന് പിന്നാലെ നായ ഇന്ന് ചത്തു. രണ്ട് ദിവസം മുന്‍പാണ് പുഷ്പയെയും മകൾ രേഷ്മയെയും വളർത്തുനായ കടിച്ചത്. കടിയേറ്റ ഉടനെ ഇരുവർക്കും പ്രതിരോധ വാക്സിന്‍ നൽകിയിരുന്നു.  

കായംകുളം റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പോർട്ടർക്ക് നേരെ തെരുവ് നായ ആക്രമണമുണ്ടായി. കായംകുളം ഏരുവ സ്വദേശി മധുവിനെയാണ് തെരുവുനായ ആക്രമിച്ചത്. ഇദ്ദേഹത്തെ വാക്സീൻ നൽകുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം, കായംകുളം റെയിൽവേ സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോമിൽ ട്രെയിൻ ഇറങ്ങിയ ശാസ്താംകോട്ട സ്വദേശിയെ തെരുവ് നായ ആക്രമിച്ച സംഭവവും ഉണ്ടായിരുന്നു.  

പാലക്കാട് മേലാമുറിയിൽ പേവിഷബാധയേറ്റ പശു ചത്തു. മേലാമുറി സ്വദേശി ജെമിനി കണ്ണൻ്റെ പശുവാണ് ചത്തത്. ഇന്നലെയാണ് ഏഴര വയസ്സുള്ള പശു പേവിഷബാധയുടെ ലക്ഷണം കാണിച്ച് തുടങ്ങിയത്. കറവയുള്ള പശുവിന് മൂന്ന് മാസം പ്രായമുള്ള കിടാവുമുണ്ട്. നിലവിൽ പശുക്കിടാവ് പേവിഷബാധയുടെ ലക്ഷണം  കാണിക്കുന്നില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week