പുതിയ വീട്ടിലെ കണ്ണാടി ഇളക്കി മാറ്റി, ചുമര്‍ തുരന്നുനോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, പിന്നീട് നടന്നത്
മുമ്പ് മറ്റാരെങ്കിലും താമസിച്ചിരുന്ന വീട്ടിലേക്ക് പുതുതായി താമസം മാറുമ്പോള്‍ പലര്‍ക്കും ചുറ്റുപാടുകളോട് പൊരുത്തപ്പെടാന്‍ ഏറെ സമയം എടുക്കാറുണ്ട്. ചിലര്‍ക്കാണെങ്കില്‍ പല കാര്യങ്ങളിലും എപ്പോഴും സംശയങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ അപൂര്‍വ്വം സാഹചര്യങ്ങളിലെങ്കിലും അത്തരം സംശയങ്ങളില്‍ കഴമ്പുണ്ടാകാം എന്നാണ് കഴിഞ്ഞ ദിവസം അരിസോണയില്‍ നിന്ന് പുറത്തുവന്നൊരു റിപ്പോര്ട്ട് വ്യക്തമാക്കുന്നത്.
പതിനെട്ടുകാരിയായ അനബെല്‍ മൈക്കല്‍സണും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. അനബെല്ലിന്റെ അച്ഛന്‍ മൈക്കല്‍സണ്‍ ഇതിനോടകം തന്നെ വീട്ടിലെ പല പ്രശ്‌നങ്ങളും ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു.
നേരത്തേ ഒരുപാട് ആളുകള്‍ വരികയും തങ്ങുകയും പോവുകയുമെല്ലാം ചെയ്തുകൊണ്ടിരുന്ന വീടായിരുന്നു. അതുകൊണ്ട് തന്നെ അതിന്റേതായ പാളിച്ചകളാണ് വീടിനുള്ളത് എന്നായിരുന്നു കുടുംബത്തിന്റെ വിലയിരുത്തല്‍. എന്തായാല്‍ പല അസംതൃപ്തികള്‍ക്കിടെ ബാത്ത്‌റൂമിലെ ചുമരില്‍ നിന്ന് ഇളക്കിമാറ്റാന്‍ പറ്റാത്ത വിധത്തില്‍ ഘടിപ്പിച്ചിരിക്കുന്ന കണ്ണാടി മൈക്കല്‍സണിനെ അല്‍പം ചിന്തിപ്പിച്ചു.
എന്തുകൊണ്ടായിരിക്കും കണ്ണാടി എടുത്ത് മാറ്റാന്‍ സാധിക്കാത്തതെന്ന് അദ്ദേഹം ആലോചിച്ചു. തുടര്‍ന്ന് അതൊന്ന് ഇളക്കിനോക്കാന്‍ തന്നെ മൈക്കല്‍സണ്‍ തീരുമാനിച്ചു. എല്ലാത്തിനും സഹായമായി കൂടെ അനബെല്ലും കൂടി.
കണ്ണാടി ഇളക്കി മാറ്റി, ചുമര്‍ തുരന്നുനോക്കിയപ്പോള്‍ കുടുംബാംഗങ്ങളെയെല്ലാം ഒന്നടങ്കം ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു അവിടെ കണ്ടത്. കണ്ണാടി ഘടിപ്പിച്ചിരുന്ന ചുമരിനകത്ത് ചെറിയൊരു മുറിയായിരുന്നു. കബോര്‍ഡുകളും സിങ്കും അതിനോടനുബന്ധിച്ച് സ്ലാബും എല്ലാമുണ്ട്. ഇതിന് പുറമെ ക്യാമറയോ മറ്റോ കണക്ട് ചെയ്യാന്‍ ഉപയോഗിച്ച വയറുകളുടെ അവശിഷ്ടവുമുണ്ടായിരുന്നു അവിടെ.
ഏറ്റവും ശ്രദ്ധേയമായ സംഗതി ഇതൊന്നുമല്ല. ബാത്ത്‌റൂമില്‍ തൂക്കിയിരുന്ന കണ്ണാടി ‘ടു വേ മിറര്‍’ ആണ്. അതായത്, കണ്ണാടിക്ക് അപ്പുറത്ത് നിന്ന് നോക്കിയാല്‍ കണ്ണാടിക്ക് അഭിമുഖമായി ഉള്ളതെല്ലാം കാണാവുന്ന വിധം. എന്നുവച്ചാല്‍ കണ്ണാടിക്ക് അപ്പുറത്തുള്ള ചെറിയ മുറിയില്‍ ഒരാളുണ്ടെങ്കില്‍ അയാള്‍ക്ക് കണ്ണാടിയിലൂടെ ബാത്ത്‌റൂമിനകത്ത് എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണാം.
എന്തിനാണ് ഇത്തരത്തിലൊരു സംവിധാനം നേരത്തേ താമസിച്ചവര്‍ ഒരുക്കിയതെന്ന് വ്യക്തമല്ല. അല്‍പം വിചിത്രമാണ് സംഭവം എന്ന് മാത്രം വിധിയെഴുതാം. ഇതിന്റെയെല്ലാം വീഡിയോ ടിക്ടോകിലൂടെ അനബെല്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇന്നത്തെ കാലത്ത് ഏറെ ശ്രദ്ധ വേണ്ട ചില വിഷയങ്ങള്‍ കൂടി ഓര്‍മ്മപ്പെടുത്തുകയാണ് ഈ സംഭവം.