25.8 C
Kottayam
Wednesday, April 24, 2024

പി.ആര്‍. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Must read

തിരുവനന്തപുരം:ടോക്യോ ഒളിപിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിനുശേഷം കായിക മന്ത്രി വി അബ്ദുള്‍ റഹിമാനാണ് വാര്‍ത്താസമ്മേളനത്തില്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചത്.

രണ്ടു കോടി രൂപയ്ക്കൊപ്പം ശ്രീജേഷിന് ജോലിയിൽ സ്ഥാനക്കയറ്റവും നൽകും. വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായാണ് സ്ഥാനക്കയറ്റം. നിലവിൽ ഡപ്യൂട്ടി ഡയറക്ടറാണ്.

നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒളിംപിക്‌സ് മെഡലുകള്‍ക്ക് പിന്നാലെ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശ്രീജേഷിനെ കേരളം അവഗണിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് സര്‍ക്കാര്‍ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.

നാലു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിന് വിരാമമിട്ട് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഒളിപിക് മെഡല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി ഗോള്‍കീപ്പറാണ് പി.ആര്‍. ശ്രീജേഷ്. ടോക്കിയോയില്‍ ജര്‍മനിക്കെതിരായ വെങ്കല മെഡല്‍ വിജയത്തില്‍ ഇന്ത്യയുടെ വന്മതിലായ ശ്രീജേഷിന്‍റെ മിന്നും പ്രകടനമായിരുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്തെ കഠിനപ്രയത്‌നത്തിലൂടെയാണ് ശ്രീജേഷ് ഹോക്കിയില്‍ തന്റേതായ ഇടം നേടിയത്. 2000ല്‍ ജൂനിയര്‍ നാഷണല്‍ ഹോക്കി ടീമിലെത്തിയ ശ്രീജേഷ് മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമിലേക്കുള്ള തന്റെ വഴി കണ്ടെത്തി.

പത്മശ്രീ പുരസ്‌കാര ജേതാവായ ശ്രീജേഷ് 2016ല്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായി റിയോ ഒളിംപിക്സിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഇന്ത്യയെ നയിച്ചു. കളിക്കളത്തിലെ പെട്ടെന്നുള്ള ഇടപെടലുകളും സ്ഥിരതയാര്‍ന്ന പ്രകടനവും ടീമിന്റെ കോട്ടകാക്കുന്ന വിശ്വസ്തനാക്കി ശ്രീജേഷിനെ മാറ്റി. ടോക്കിയോയില്‍ ജര്‍മനിക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ വിജയം നിശ്ചയിച്ച നിര്‍ണായ സേവുകളാണ് ശ്രീജേഷ് നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week