26.9 C
Kottayam
Tuesday, April 23, 2024

ശ്രീനാഥ് ഭാസി സാവകാശം തേടി, നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് നിര്‍ദ്ദേശം

Must read

കൊച്ചി:ഓൺലൈൻ അവതാരകയോട് അസഭ്യം പറഞ്ഞെന്ന കേസില്‍ നടൻ ശ്രീനാഥ് ഭാസി ഇന്ന് ഹാജരായില്ല. ഇന്ന് രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു നോട്ടീസ് നല്‍കിയത്. ഹാജരാകാൻ ശ്രീനാഥ് ഭാസി സാവകാശം തേടുകയായിരുന്നു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിര്‍ദ്ദേശം നല്‍കിയത്.

കഴിഞ്ഞ 22-ാം തീയതിയാണ് ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി ലഭിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍  ചോദ്യം ചെയ്യാന്‍ എത്തണമെന്നാവശ്യപ്പെട്ട് മരട് പൊലീസ് ശ്രീനാഥ് ഭാസിക്ക്  നോട്ടീസ് നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നാണ് മാധ്യമ പ്രവർത്തകയുടെ പരാതി. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

കൊച്ചിയിൽ ‘ചട്ടമ്പി’ എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ്  സംഭവം.  യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യപ്രവര്‍ത്തകയുടെ പരാതിയിൽ പറയുന്നത്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങൾ കേസിൽ നിർണായകമായേക്കും.  

എന്നാല്‍ താന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം. എന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ എന്നെ അപമാനിച്ചതിന്‍റെ പേരില്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ലെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതികരണവുമായി ‘ചട്ടമ്പി’ സിനിമയുടെ സംവിധായകൻ അഭിലാഷ് എസ് കുമാറും രംഗത്ത് എത്തിയിരുന്നു.

പരാതിയിൽ പറയും പോലെ മോശം പെരുമാറ്റം ഉണ്ടായെങ്കിൽ അത് അംഗീകരിക്കാനാവാത്തതാണെന്ന് സംവിധായകൻ അഭിലാഷ് എസ് കുമാർ പറഞ്ഞു. എന്നാൽ ഈ സംഭവത്തിന്‍റെ പേരിൽ തന്‍റെ സിനിമയെ മോശമാക്കാൻ മനപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും സംവിധായകൻ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. അതിനിടെ ഒരു  റേഡിയോ അഭിമുഖത്തിനിടെ നടൻ ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week