24.7 C
Kottayam
Sunday, May 26, 2024

ശ്രീറാം വെങ്കിട്ടരാമനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും; രക്തസാമ്പിള്‍ പരിശോധനയ്‌ക്കെടുത്തു

Must read

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ ഉടന്‍ അറസ്റ്റു ചെയ്തേക്കുമെന്ന് സൂചന. മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയായിരിക്കും ശ്രീറാമിനെ അറസ്റ്റു ചെയ്യുക. വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വ്യക്തമാക്കിയിരുന്നു. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് വാഹനം ഓടിച്ചത് ശ്രീറാമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.

അതേസമയം ശ്രീറാമിന്റെ രക്തസാമ്പിള്‍ പരിശോധനയ്ക്കെടുത്തിട്ടുണ്ട്. ജനറല്‍ ഹോസ്പിറ്റലില്‍ നിന്നുള്ള സംഘം ശ്രീറാം ചികിത്സയില്‍ കഴിയുന്ന കിംസ് ആശുപത്രിയില്‍ എത്തിയാണ് രക്തസാമ്പിള്‍ ശേഖരിച്ചത്. മദ്യപിച്ചു എന്നുറപ്പുണ്ടായിട്ടും അപകടം നടന്നയുടന്‍ രക്തപരിശോധന നടത്താഞ്ഞത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വന്‍ വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ദേഹപരിശോധനയിക്കായി ശ്രീറാമിനെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹത്തിന് മദ്യത്തിന്റെ മണമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് രക്തപരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നില്ലെന്നും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാഗേഷ് പറഞ്ഞു. ശ്രീറാമിന് പുറകെ എത്തിയ സുഹൃത്ത് വഫാ ഫിറോസിന്റെ രക്ത സാംമ്പിളുകള്‍ എടുത്തിരുന്നു. വഫയാണ് വാഹനമോടിച്ചതെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ വഫയുടെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തിയിരുന്നില്ല.
ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറാണ് മരിച്ചത്. ബഷീറിന്റെ ബൈക്കിന് പിന്നില്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കും. അപകടം വരുത്തിയവരെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week