ക്വട്ടേഷന്‍ നല്‍കി സ്വത്തിനുവേണ്ടി അമ്മയെ വകവരുത്തി മകന് 99 വര്‍ഷം തടവുശിക്ഷ,വാടക കൊലയാളിയ്ക്ക് 100 വര്‍ഷവും
വാഷിങ്ടണ്‍: പണത്തിന് വേണ്ടി അമ്മയെ വകവരുത്തിയ യുവാവിന് 99 വര്‍ഷം തടവ് ശിക്ഷ. അമേരിക്കയിലെ കുക്ക് കൗണ്ടി കോടതിയാണ് ചിക്കാഗോയിലെ ക്വോമെയ്ന്‍ വില്‍സണി(30)നെയാണ് അമ്മ യോലാന്‍ഡ ഹോമ്‌സിനെ കൊല്ലപ്പെടുത്തിയ കേസില്‍ ശിക്ഷിച്ചത്. വാടക കൊലയാളിയെ ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയത്. കേസില്‍ വാടക കൊലയാളി ഈഗ്വിന്‍ സ്‌പെന്‍സറിനെ നൂറുവര്‍ഷത്തേക്കും കോടതി ശിക്ഷിച്ചു.
2012-ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കിടപ്പുമുറിയില്‍ ഉറങ്ങുന്നതിനിടെ ഹോമ്‌സിനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. അമ്മയുടെ കൈവശമുണ്ടായിരുന്ന പണം കൈക്കലാക്കാനാണ് വില്‍സണ്‍ കൊലപാതകം നടത്തിയത്. സംഭവത്തിന് പിന്നില്‍ വില്‍സണ്‍ തന്നെയാണെന്ന് പോലീസ് അന്വേഷണത്തില്‍ പിന്നീട് വ്യക്തമായി. അമ്മയുടെ മരണശേഷം ഇവരുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന ഭീമമായ തുക പിന്‍വലിക്കുകയും ചെയ്തിരുന്നു.
വാടക കൊലയാളിയായ സ്‌പെന്‍സറിനെ അപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം അമ്മ ഉറങ്ങുമ്പോള്‍ കൃത്യം നടത്തുകയായിരുന്നു. 23 വയസ്സായിരുന്നു അന്ന് വില്‍സണിന്റെ പ്രായം. അമ്മയുടെ മരണശേഷം ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന തുക പിന്‍വലിച്ചു. ഇതുപയോഗിച്ച് ആഡംബര കാര്‍ മോഡിഫൈ ചെയ്യുകയും കൂട്ടുകാര്‍ക്കൊപ്പം ആഡംബര ജീവിതം നയിച്ചും ഇടയ്ക്ക് തെരുവില്‍ ജനക്കൂട്ടത്തിന് നേരേ പണമെറിഞ്ഞ് നല്‍കുന്നതും പതിവായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
എന്നാല്‍ താന്‍ അമ്മയെ സ്‌നേഹിച്ചതിനെക്കാളേറെ ആരും അമ്മയെ സ്‌നേഹിച്ചിട്ടില്ലെന്നായിരുന്നു വിധി പ്രസ്താവത്തിന് മുമ്പ് വില്‍സണ്‍ കോടതിയില്‍ പറഞ്ഞത്. ഇത്രമാത്രമേ പറയാനുള്ളൂവെന്നും വില്‍സണ്‍ പറഞ്ഞു. അതേസമയം, മകനു വേണ്ടി ജോലി, ആവശ്യത്തിന് പണം, കാര്‍ തുടങ്ങി എല്ലാം നല്‍കിയിട്ടും അവന്‍ എല്ലാം നശിപ്പിച്ചെന്നും അമ്മയുടെ ജീവനെടുത്തെന്നുമായിരുന്നു കോടതി ശിക്ഷാവിധിയില്‍ പറയുന്നു.