പെണ്‍കുട്ടിയുടെ തലവെട്ടി രക്ഷപ്പെട്ട പ്രതി മരിച്ചനിലയില്‍; ആത്മഹത്യയെന്ന് പോലീസ്

ബെംഗളൂരു: കര്‍ണാടകയില്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തലയറുത്ത് കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയില്‍. അതേസമയം 32കാരനായ പ്രകാശ് എന്ന പ്രതി ആത്മഹത്യ ചെയ്തതാണെന്ന് അധികൃതര്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കുടക് സ്വദേശിയായ 16കാരിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

കുടകിലെ മുട്‌ലു സ്വദേശിനിയായ പെണ്‍കുട്ടിയെ കൊന്ന് ഇയാള്‍ തലയുമായി രക്ഷപ്പെടുകയായിരുന്നു. പ്രതിയും പെണ്‍കുട്ടിയുമായുള്ള വിവാഹ നിശ്ചയ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയായത് കൊണ്ട് ഇവരുടെ വീട്ടിലേക്ക് വനിതാ ശിശുവികസന ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ഇവര്‍ ചടങ്ങുകളും തടഞ്ഞിരുന്നു.

ബാലവിവാഹം നിയമപരമായി തെറ്റാണെന്ന് ഇവര്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയത്. ഇതോടെ രോഷാകുലനായ യുവാവ് രാത്രിയോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മാതാപിതാക്കളെ പരുക്കേല്‍പ്പിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ തലയില്ലാത്ത പെണ്‍കുട്ടിയുടെ മൃതദേഹം വനത്തില്‍ നിന്നും കണ്ടെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. അതേസമയം മാതാപിതാക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയിലാണ്.

പ്രതിക്കായി പോലീസ് നേരത്തെ തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇയാളുടെ വീട്ടിന് അടുത്ത് തന്നെയായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ തലയുമായി രക്ഷപ്പെട്ട പ്രതി ഒളിവിലായിരുന്നു. അതേസമയം ഇയാള്‍ വെട്ടിയെടുത്ത പെണ്‍കുട്ടിയുടെ തല ഇതുവരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. അതിനായുള്ള തിരച്ചില്‍ വ്യാപകമാക്കിയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News