NationalNews

മോദി പ്രധാനമന്ത്രിയല്ല, സർവാധിപതി; കോൺഗ്രസിനും വീഴ്ചയുണ്ടായിട്ടുണ്ട്, തിരുത്തും: രാഹുൽ

ലഖ്‌നൗ: മുന്‍കാലത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭാവിയില്‍ കോണ്‍ഗ്രസ് അതിന്റെ രാഷ്ട്രീയത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി. ലഖ്‌നൗവില്‍ വെള്ളിയാഴ്ച നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. നരേന്ദ്ര മോദി ‘നരേന്ദ്രനാ'(രാജാവ്)ണെന്നും പ്രധാനമന്ത്രിയല്ലെന്നും രാഹുല്‍ പ്രസംഗത്തിനിടെ വിമര്‍ശിച്ചു.

“വരുംകാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ രാഷ്ട്രീയരീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെങ്കിലും മുന്‍കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയും വീഴ്ചകള്‍ വരുത്തിയിരുന്നു എന്ന കാര്യം കൂടി പറയാന്‍ ഞാനാഗ്രഹിക്കുകയാണ്”, രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഏകാധിപതിയാണെന്നും ഏതാനും നിക്ഷേപകരുടെ മറയായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും രാഹുല്‍ ആരോപിച്ചു.

“അദ്ദേഹം ഒരു പ്രധാനമന്ത്രിയല്ല, ഒരു സര്‍വാധിപതിയാണ്. മന്ത്രിസഭയിലോ പാര്‍ലമെന്റിലോ ഭരണഘടനയിലോ അദ്ദേഹത്തിന് യാതൊന്നും പ്രവര്‍ത്തിക്കാനില്ല. 21-ാം നൂറ്റാണ്ടിന്റെ രാജാവാണദ്ദേഹം. യാഥാര്‍ഥത്തില്‍ അധികാരം കൈയാളുന്ന രണ്ടോ മൂന്നോ സമ്പന്നനിക്ഷേപരുടെ മറയായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്”, രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രിയെ വാദപ്രതിവാദത്തിനും രാഹുല്‍ ക്ഷണിച്ചു. കോണ്‍ഗ്രസില്‍ എന്തുതരത്തിലുള്ള മാറ്റമാണ് വേണ്ടതെന്ന കാര്യം രാഹുല്‍ വ്യക്തമാക്കിയില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. 180 സീറ്റുകളിലധികം നേടില്ലെന്നും രാഹുല്‍ ആവര്‍ത്തിച്ചു. നരേന്ദ്രമോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

“അധികാരത്തിലേക്കാണ് ഞാന്‍ പിറന്നുവീണത്, അതിനാല്‍ത്തന്നെ അതിലെനിക്ക് താല്‍പര്യവുമില്ല. അധികാരമെന്നാല്‍ പൊതുജനങ്ങളെ സഹായിക്കാനുള്ള ഒരുപാധി മാത്രമാണെനിക്ക്”, രാഹുല്‍ പറഞ്ഞു. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാനിര്‍ണയത്തിന് നിര്‍ദേശം നല്‍കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button