ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ വൻ പ്രഖ്യാപനങ്ങൾ. ഒരു കോടി വീടുകൾക്ക് സോളാർ പാനൽ വച്ച് നൽകുന്ന ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ പദ്ധതിയും ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. ഈ പദ്ധതിയിലൂടെ ഉപയോക്തക്കൾക്ക് പ്രതിവർഷം 15000-18000രൂപ വരെ വെെദ്യുതി ബില്ലിൽ ലാഭിക്കാൻ കഴിയുമെന്നാണ് വിവരം. 2024 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
വീടുകളുടെ മേൽക്കൂരയിൽ സോളാർ പാനൽ വയ്ക്കുന്നത് പ്രോത്സഹിപ്പിക്കാൻ ഒരു വലിയ ക്യാമ്പയ്ൻ ആരംഭിക്കുമെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിലൂടെ 300 യൂണിറ്റ് വെെദ്യുതി ലാഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഒരു കോടിയിൽ കൂടുതൽ വീടുകൾക്ക് സോളാർ സ്ഥാപിക്കാനാണ് പദ്ധതി. വെെദ്യുതി ബില്ല് കുറയ്ക്കുന്നതിന് ഇത് ഉപഭോക്താക്കളെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദരിദ്രരും ഇടത്തരം വരുമാനക്കാരുമായ കുടുംബങ്ങൾക്ക് വേണ്ടിയാണ് ഈ പദ്ധതി.
അധിക ഭൂമി ആവശ്യമില്ല, ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ ലെെനുകളുടെ അധിക ആവശ്യമില്ല, വോൾട്ടേജ് മെച്ചപ്പെടുത്തുന്നു, കാർബൻ പുറന്തള്ളൽ കുറയ്ക്കുന്നു എന്നിവ ഈ പദ്ധതിയുടെ പ്രധാന നേട്ടങ്ങളാണ്. ഈ പദ്ധതിയ്ക്ക് അപേക്ഷിക്കാൻ താൽപര്യമുള്ള ഉപഭോക്താക്കൾ ആവശ്യമായ അനുമതികൾ നേടി പ്രോജക്റ്റ് ഡെവലപ്പർമാർ വഴി അപേക്ഷിക്കണം.