32.3 C
Kottayam
Friday, March 29, 2024

സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ; ജീവനക്കാരെ തിരിച്ചുവിളിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

Must read

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിക്കു ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച 205 ഉദ്യോഗസ്ഥരെ തിരികെ വിളിക്കാൻ റവന്യു വകുപ്പിന്റെ നിർദേശം. ഇതു സംബന്ധിച്ച് റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി ലാൻഡ് റവന്യു കമ്മിഷണർക്കും 11 ജില്ലാ കലക്ടർമാർക്കും കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ എംഡിക്കും കത്തു നൽകി. പദ്ധതിക്കായി സാമൂഹിക ആഘാത പഠനം നടത്താൻ പുതിയ വിജ്ഞാപനം ഇറക്കുന്നത് റെയിൽവേ ബോ‍ർഡിന്റെ അനുമതിക്കു ശേഷം മാത്രം മതിയെന്നും  കത്തിൽ വിശദീകരിച്ചു. റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് ആണ് ഉത്തരവിറക്കിയത്.

വിവിധ യൂണിറ്റുകളില്‍ നിയോഗിച്ചിരിക്കുന്ന ജീവനക്കാരെ അടിയന്തരമായി പിന്‍വലിക്കണമെന്നും ഇവരെ മറ്റ് പദ്ധതികളിലേക്ക് നിയോഗിക്കുന്നത് സംബന്ധിച്ച് രൂപരേഖ തയാറാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറു മാസമായി പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിലാണ് താൽക്കാലികമായി ഇവരെ തിരിച്ചു വിളിക്കുന്നത്. 11 ജില്ലകളിലായി 205 റവന്യൂ ജീവനക്കാരെയാണ് സിൽവർലൈൻ പദ്ധതിക്കായി നിയോഗിച്ചിരുന്നത്. പ്രതിഷേധങ്ങളെ തുടർന്ന് സാമൂഹികാഘാത പഠനം തുടങ്ങാനായിട്ടില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുൻപായി സിൽവർലൈനായി കല്ലിടുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. റവന്യൂ വകുപ്പിലെ മറ്റു പദ്ധതികൾക്കായി ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തും.

അതേസമയം, കെ–റെയിൽ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്. സിൽവർലൈൻ പദ്ധതിയിൽ അനിശ്ചിതത്വം ഉണ്ടായതോടെ വായ്പ എടുക്കൽ പദ്ധതികളിൽനിന്ന് സിൽവർലൈൻ തൽക്കാലത്തേക്കു പിൻമാറിയിരുന്നു. ഹഡ്കോ വാഗ്ദാനം ചെയ്ത 3000 കോടി വായ്പയുടെ അംഗീകാരപത്രം പുതുക്കിയില്ല. റെയില്‍വേ ഫിനാൻസ് കോർപറേഷൻ നൽകാമെന്നേറ്റ വായ്പയും സ്വീകരിച്ചില്ല. ജൈക്ക പദ്ധതി ഉപയോഗിച്ചു നടപ്പിലാക്കുന്ന പദ്ധതികളിൽനിന്ന് സിൽവർലൈനെ കേന്ദ്ര ധനമന്ത്രാലയം അടുത്തിടെ ഒഴിവാക്കിയിരുന്നു. 63,941 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി പ്രതീക്ഷിക്കുന്നത്. കേന്ദ്ര റെയിൽ മന്ത്രാലയത്തിൽനിന്ന് തത്വത്തിൽ അനുമതി ലഭിച്ചതിനെ തുടർന്നാണ് പ്രാഥമിക ഭൂമി ഏറ്റെടുക്കാൽ നടപടികളുമായി സർക്കാർ മുന്നോട്ടുപോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week