KeralaNews

ചാരക്കേസ് കെട്ടുകഥയല്ല,എല്ലാം ഐബി പറഞ്ഞിട്ട്; മറിയം റഷീദയുടെ അറസ്റ്റ് ആര്‍.ബി. ശ്രീകുമാറിൻ്റെ നിർദ്ദേശപ്രകാരമെന്ന് സിബി മാത്യൂസ്

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ. ചാരക്കേസിൽ മറിയം റഷീദയുടെ അറസ്റ്റ് ആർ.ബി. ശ്രീകുമാർ പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്. നമ്പി നാരാണനേയും രമൺ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാൻ ഐ.ബി നിരന്തരം ശ്രമം നടത്തിയെന്നും മുൻകൂർ ജാമ്യാപേക്ഷയയിൽ സിബി മാത്യൂസ് പറയുന്നു. ഐ.ബി ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തുടങ്ങിവെച്ച കേസാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഐ.എസ്.ആർ.ഒ. ചാരക്കേസ് യാഥാർഥ്യമാണെന്നും മാലി വനിതകൾ നടത്തിയ പ്രവർത്തനങ്ങൾക്ക് ശാസ്ത്രജ്ഞർ കൂട്ടുനിന്നുവെന്നും സിബി മാത്യൂസ് ജാമ്യാപേക്ഷയയിൽ പറയുന്നു.

മറിയം റഷീദയെ അറസ്റ്റ് ചെയ്തതിൽ ഐ.ബി. ഉദ്യോഗസ്ഥൻ ആർ.ബി. ശ്രീകുമാറിന് പങ്കുണ്ടെന്നാണ് അദ്ദേഹം ജാമ്യാപേക്ഷയിൽ പറഞ്ഞുവെയ്ക്കുന്നത്. ആർ.ബി. ശ്രീകുമാർ പറഞ്ഞിട്ടാണ് അന്നത്തെ പേട്ട സിഐയായിരുന്ന എസ്. വിജയൻ മറിയം റഷീദയെ അറസ്റ്റ് ചെയ്യുന്നത്. ഇക്കാര്യം അന്നത്തെ സിറ്റി പോലീസ് കമ്മീഷണർ രാജീവന്റെ റിപ്പോർട്ടിലുമുണ്ട്. കേസുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും കേരളാ പോലീസിന് നൽകിയിരുന്നത് ഐ.ബിയുടേയും റോയുടേയും ഉദ്യോഗസ്ഥരാണ്. ഇതിന്റെ അടിസ്ഥാത്തിലാണ് മറ്റ് അന്വേഷണങ്ങൾ നടന്നത്. ഇതിന്റെ ഓരോ ഘട്ടത്തിലുള്ള അന്വേഷണത്തിന്റെ റിപ്പോർട്ടും ഐബിക്ക് നൽകിയിരുന്നു.

ഒരു ഘട്ടത്തിൽ മാലി വനിതകളെ ചോദ്യം ചെയ്യുമ്പോഴാണ് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരുടെ പങ്ക് വ്യക്തമായത്. കൃത്യമായി അതിനുള്ള തെളിവുകളും മൊഴികളിലുണ്ടായിരുന്നു. ഈ മൊഴികൾ അവലോകനം ചെയ്യുമ്പോൾ നമ്പി നാരായണനേയും രമൺ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാൻ ഐ.ബി സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. വലിയ തോതിലുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും രാജ്യത്തെ അപകടപ്പെടുത്തുന്ന നീക്കമാണെന്നും അതുകൊണ്ട് രണ്ട് പേരെയും അറസ്റ്റ് ചെയ്യണമെന്ന സമ്മർദ്ദം ഐ.ബി. കേരള പോലീസിന് മേൽ ചുമത്തിയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

ചാരപ്രവർത്തനം നടന്നിരുന്നു എന്ന് വ്യക്തമായിരുന്നു. തിരുവനന്തപുരം, ചെന്നൈ, കൊളംബോ കേന്ദ്രീകരിച്ച് ഒരു സ്പൈ നെറ്റ് വർക്ക് പ്രവർത്തിച്ചിരുന്നു എന്ന് ഫൗസിയ ഹസന്റെ മൊഴിയിൽ നിന്ന് വ്യക്തമായിരുന്നു. അതിന്റെ ഭാഗമായാണ് നമ്പി നാരായണനും ഇതിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. മറിയം റഷീദക്കും ഫൗസിയ ഹസനും ഒപ്പം ബെംഗളൂരു ആർമി ക്ലബിലേക്ക് പോയ കെ.എൽ.ഭാസിയേക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇയാളുടെ ഫോട്ടോ ഫൗസിയ ഹസനെ കാണിച്ച് അവർ തിരിച്ചറിഞ്ഞിരുന്നു. ഇക്കാര്യങ്ങൾ സി.ബി.ഐക്ക് മൊഴിയായി നൽകിയിരുന്നുവെങ്കിലും ഇയാളുടെ പേര് സി.ബി.ഐ എവിടെയും ഉപയോഗിച്ചില്ല. കേസ് ഡയറിയിൽ ഉൾപ്പെടുത്തിയില്ല. പകരം രമൺ ശ്രീവാസ്തവയിലേക്കാണ് എല്ലാ ശ്രദ്ധയും പോയത്.

ഐ.എസ്.ആർ.ഒ. ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സി.ബി.ഐ. അന്വേഷിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ സിബി മാത്യൂസ് നാലാം പ്രതിയാണ്. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഐ.എസ്.ആർ.ഒ. ചാരക്കേസുമായി ബന്ധപ്പെട്ട് തുടക്കം മുതൽ അന്വേഷിച്ച് അവസാനിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങൾ വിശദമായിട്ടാണ് ജാമ്യാപേക്ഷയിൽ സിബി മാത്യൂസ് പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker