കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള ഹ്രസ്വ ചിത്രം വൈറലാകുന്നു
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള ആറാം ക്ലാസുകാരിയുടെ ഹ്രസ്വചിത്രം വൈറലാകുന്നു. തിരുവനന്തപുരം ശ്രീ നാരായണ പബ്‌ളിക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മെഹ്‌റിന്‍ ഷെബീര്‍ എഴുത്തും സംവിധാനവും നിര്‍വഹിച്ച ‘പാഠം ഒന്ന് പ്രതിരോധം’ എന്ന ചിത്രമാണ് സമൂഹമാധ്യമങ്ങള്‍ ശ്രദ്ധ നേടുന്നത്. നേരത്തെ, ഏറെ ശ്രദ്ധയാകര്‍ഷിച്ച തുള്ളി എന്ന ഹ്രസ്വചിത്രവും മുന്‍പ് മെഹ്‌റിന്‍ ഷെബീര്‍ ഒരുക്കിയിരുന്നു.
അഞ്ചു മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം മെഹ്‌റിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്. മെഹ്‌റിന്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ക്യാമറയും എഡിറ്റിംഗും മെഹ്‌റിന്റെ സഹോദരന്‍ അഫ്‌നാന്‍ റെഫി നിര്‍വഹിച്ചിരിക്കുന്നു. സുരേഷ് പുന്നശ്ശേരില്‍, തന്‍വീര്‍ അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സ്മിത ആന്റണി സംഗീതം. അസോസിയേറ്റ് ഡയറക്ടര്‍ ദുല്‍ഫന്‍ റെഫി. വിഷ്ണു രാംദാസ് ആണ് ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുഗന്‍. ക്രിയേറ്റിവ് കോണ്‍ട്രിബ്യൂഷന്‍ മുഹമ്മദ് റിഷിന്‍.
കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ ദിനംപ്രതി മാധ്യമങ്ങളില്‍ കാണുന്നുണ്ടെന്നും അതാണ് ഹ്രസ്വചിത്രത്തിലേക്ക് വഴി തെളിച്ചതെന്നും മെഹ്‌റിന്‍ പറയുന്നു. ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് വളരെ അപൂര്‍വം പ്രതികള്‍ മാത്രം. ജയിലിലാവട്ടെ നല്ല ഭക്ഷണവും സുഖജീവിതവും. സ്വയം തയ്യാറെടുക്കുകയും ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുകയും ചെയ്യാന്‍ ചെറുപ്രായത്തില്‍ തന്നെ പെണ്‍കുട്ടികള്‍ പ്രാപ്തരാവണം എന്നതാണ് താന്‍ പങ്കു വെയ്ക്കുന്ന ആശയം എന്നും കുട്ടി വിവരിക്കുന്നു. ക്ലാസ് ടീച്ചര്‍ സ്മിതയും സ്‌കൂള്‍ പ്രിന്‍സിപ്പലുമാണ് ഹ്രസ്വചിത്രം തയ്യാറാക്കാന്‍ തന്നെ പ്രോത്സാഹിപ്പിച്ചതെന്നും മെഹ്‌റിന്‍ പറയുന്നു.