നമുക്കെല്ലാമുണ്ട് പിന്നെന്തിനായിരുന്നു ഇതൊക്കെ; അറസ്റ്റിലായ ശേഷം ആദ്യമായി കുന്ദ്രയെ കണ്ടപ്പോള്‍ പൊട്ടിത്തെറിച്ച് ശില്‍പ ഷെട്ടി!

മുംബൈ:കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ വ്യവസായും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ തെളിവെടുപ്പിന്റെ ഭാഗമായി വീട്ടിലെത്തിച്ചപ്പോള്‍ പൊട്ടിത്തെറിച്ച് ശില്‍പ്പ ഷെട്ടി. കേസില്‍ അറസ്റ്റിലായ ശേഷം ആദ്യമായാണ് കുന്ദ്രയെ മുംബൈയിലെ വീട്ടിലെത്തിക്കുന്നത്.

കുന്ദ്രയെ കണ്ട ശില്‍പ്പ ഭര്‍ത്താവിനോട് ദേഷ്യപ്പെട്ടെന്നും പിന്നീട് കരഞ്ഞെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. നമുക്കെല്ലാമുണ്ട് പിന്നെന്തിനായിരുന്നു ഇതൊക്കെയെന്നാണ് ശില്‍പ്പ ഷെട്ടി ഭര്‍ത്താവിനോട് ചോദിച്ചത്. കുടുംബത്തില്‍ ചീത്തപ്പേരുണ്ടായത്, കരിയര്‍ പരമായി വന്ന നഷ്ടം എന്നിവ ശില്‍പ്പ ഭര്‍ത്താവിനോട് ചൂണ്ടിക്കാട്ടിയതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ശില്‍പ്പ ഷെട്ടിയുമായുള്ള കരാറുകള്‍ വിവിധ പരസ്യ കമ്പനികള്‍ പിന്‍വലിച്ചതായും ചില പ്രൊജക്ടുകള്‍ താരത്തിന് ഉപേക്ഷിക്കേണ്ടി വന്നതായും സൂചനയുണ്ട്. നിലവില്‍ സിനിമകളില്‍ സജീവമല്ലെങ്കിലും ശില്‍പ്പ ഷെട്ടി ബോളിവുഡിലെ വമ്പന്‍ താരമൂല്യമുള്ള സെലിബ്രറ്റികളിലൊരാളാണ്.

റിയാലിറ്റി ഷോ ജഡ്ജ്, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്നീ നിലകളില്‍ ബോളിവുഡ് ലൈംലൈറ്റില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് ശില്‍പ്പ ഷെട്ടി. നീലച്ചിത്ര നിര്‍മാണ കേസ് താരത്തിന്റെ കരിയറിനും മങ്ങലേല്‍പ്പിക്കുന്നതാണ്. എന്നാല്‍ കേസില്‍ ശില്‍പ്പയ്ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

ശില്‍പ്പ തന്റെ രണ്ട് കുട്ടികള്‍ക്കൊപ്പം കഴിഞ്ഞിരുന്ന ബംഗ്ലാവിലാണ് രാജ് കുന്ദ്രയെ എത്തിച്ച് പൊലീസ് തിരച്ചില്‍ നടത്തിയത്. ശില്‍പ്പ ഷെട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ് കുന്ദ്രയെ പൊലീസ് 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.