KeralaNews

ഷൈലജയ്ക്ക് വേണ്ടി സംസാരിച്ചത് ഏഴു പേര്‍; കോടിയേരി മറുപടി പറഞ്ഞതോടെ ഇവരും വായടക്കി

തിരുവനന്തപുരം: മന്ത്രിസഭയില്‍ എല്ലാവരും പുതുമുഖങ്ങള്‍ വേണമെന്ന നിബന്ധനയില്‍ കെ.കെ ഷൈലജയ്ക്ക് ഇളവു നല്‍കണമെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ നിലപാടെടുത്തത് ഏഴു പേര്‍. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, പി ജയരാജന്‍, പി സതീദേവി തുടങ്ങിയവര്‍ ഷൈലജയ്ക്കായി വാദിച്ചെങ്കിലും, എല്ലാവരും പുതുമുഖങ്ങള്‍ എന്ന നിര്‍ദേശം മുന്നോട്ടുവച്ച പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ വിശദമായ മറുപടി നല്‍കിയതോടെ ഇവര്‍ക്കും ഒന്നും പറയാനില്ലാതായി.

കണ്ണൂരില്‍ നിന്നുള്ള മൂന്നു പേര്‍ക്കു പുറമേ കെ അനന്തഗോപന്‍, കെകെ ജയചന്ദ്രന്‍, സൂസന്‍ കോടി, കെപി മേരി എന്നിവരാണ് ശൈലജയ്ക്ക് ഇളവു നല്‍കണമെന്നു വാദിച്ചത്. ശൈലജയ്ക്കു വേണ്ടി രംഗത്തുവന്നില്ലെങ്കിലും പരിചയ സമ്പന്നരും പുതുമുഖങ്ങളും ചേര്‍ന്നതായിരിക്കും മികച്ച മന്ത്രിസഭയെന്ന് മറ്റു ചില അംഗങ്ങളും നിലപാടെടുത്തു.

എന്നാല്‍ ഒരു നിബന്ധന അംഗീകരിച്ചാല്‍ ഒരാള്‍ക്കു വേണ്ടി മാത്രമായി എങ്ങനെ ഇളവു നല്‍കുമെന്ന് കോടിയേരി ചോദിച്ചു. അതു മറ്റുള്ളവരെ കുറച്ചുകാണുന്നതിനു തുല്യമാവുമെന്ന് കോടിയേരി പറഞ്ഞു. ഒരു മാനദണ്ഡം അംഗീകരിച്ചാല്‍ അത് എല്ലാവര്‍ക്കും ബാധകമാവണം. ഇളവുകള്‍ കൊടുക്കുകയാണെങ്കില്‍ ആറു പേര്‍ക്കെങ്കിലും കൊടുക്കേണ്ടിവരുമെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.

രാവിലെ കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങളുടെ യോഗത്തില്‍ കോടിയേരി തന്നെയാണ് എല്ലാവരും പുതുമുഖങ്ങള്‍ എന്ന ആശയം മുന്നോട്ടുവച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായവും ആരാഞ്ഞിരുന്നു. ശൈലജയെ ഒഴിവാക്കുന്നത് അനാവശ്യമായ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടവയ്ക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം ബൃന്ദാ കാരാട്ടും ചൂണ്ടിക്കാട്ടി.

എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തില്‍ ഇടപെടില്ലെന്നും അവര്‍ വ്യക്തമാക്കി. ശൈലജയ്ക്കു മാത്രമായി ഇളവു നല്‍കേണ്ടതില്ലെന്ന നിലപാണ് കേരളത്തില്‍നിന്നുള്ള മറ്റു പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ളയും എംഎ ബേബിയും സ്വീകരിച്ചത്. കഴിഞ്ഞ സര്‍ക്കാരില്‍ എല്ലാവരും മികച്ച പ്രകടനാണ് കാഴ്ചവച്ചതെന്നും അതില്‍ വിവേചനം അരുതെന്നും അവര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker