KeralaNews

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്! വിവാദ സർക്കുലർ പിൻവലിക്കും, മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം നടപടി

തിരുവനന്തപുരം : വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്ത മേഖലയിൽ ശാസ്ത്രജ്ഞര്‍ക്ക് വിലക്കേർപ്പെടുത്തിയ വിവാദ സർക്കുലർ പിൻവലിക്കും. മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നുമായിരുന്നു നിർദ്ദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറിയത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയെന്ന വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുവെന്നും അങ്ങനെ തോന്നിപ്പിക്കുന്ന തരത്തിൽ നൽകിയ നിർദേശം പിൻവലിക്കാൻ ആവശ്യപ്പെട്ടതായും  മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.  

ശാസ്ത്രജ്ഞരെ വിലക്കാൻ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപെട്ടിട്ടില്ല. വിവാദ സർക്കുലർ പിൻവലിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായും വാർത്താക്കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറിയാണ് വിചിത്ര സർക്കുലർ ഇറക്കിയത്.വ്യാപക വിമർശനം ഉയർന്നതോടെയാണ് തിരുത്തൽ. അത്തരം ഒരു നയം സംസ്ഥാന സർക്കാരിന് ഇല്ല. അങ്ങനെ തോന്നിപ്പിക്കും രീതിൽ ആശയവിനിമയം നടത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടനെ പിൻവലിക്കാൻ ഇടപെടണമെന്ന്  ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. 

സർക്കുലർ ഇങ്ങനെ

വയനാട്ടിലെ മേപ്പാടി പഞ്ചായത്തു ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇവിടം സന്ദർശിക്കരുതെന്നു എല്ലാ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾക്കും നിർദേശം നൽകണമെന്നാണു സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഫ. കെ.പി.സുധീറിന് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും പ്രഫ. സുധീറാണ്. തങ്ങളുടെ അഭിപ്രായങ്ങൾ മാധ്യമങ്ങളോടു പറയരുതെന്നും പഠന റിപ്പോർട്ടുകൾ പങ്കുവയ്ക്കരുതെന്നും ശാസ്ത്ര, സാങ്കേതിക വിദഗ്ധർക്കു നിർദേശം നൽകണം എന്നതാണു മറ്റൊന്ന്. ദുരന്ത മേഖലകളിൽ ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തണമെങ്കിൽ സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിയിൽനിന്ന് മുന്‍കൂർ അനുമതി നേടിയിരിക്കണം എന്നും കത്തിൽ പറയുന്നു.

സംസ്ഥാനത്തെ പ്രധാനപ്പെട്ട ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സ്ഥാപനങ്ങൾ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലാണ്. കോട്ടയത്തുള്ള കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം (ഐസിസിഎസ്), തിരുവനന്തപുരത്തുള്ള ദേശീയ ഗതാഗത ആസൂത്രണ കേന്ദ്രം (നാറ്റ്പാക്), പീച്ചിയിലുള്ള കേരള വനഗവേഷണ കേന്ദ്രം (കെഎഫ്ആർഐ), കോട്ടയം പാമ്പാടിയിലുള്ള ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ്, കോഴിക്കോട് കുന്നമംഗലത്തുള്ള സെന്റര്‍ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്, കോഴിക്കോടുള്ള കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ്, കോഴിക്കോടുള്ള മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ്, തിരുവനന്തപുരം പാലോടുള്ള ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്‍ഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയാണ് കൗൺസിലിന്റെ കീഴിലുള്ളത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker