NationalNews

കൊല്‍ക്കത്തയിലെ ബലാത്സംഗ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് ഗാംഗുലി; രൂക്ഷവിമര്‍ശനം, നിലപാട് മാറ്റം

കൊല്‍ക്കത്ത: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തെ ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ലഘൂകരിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍. വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ തന്‍റെ എക്സിലെ പ്രൊഫൈല്‍ ചിത്രം കറുപ്പാക്കി ഇരയോടും കുടുംബത്തിനോടും ഐക്യദാര്‍ഢ്യം അറിയിച്ചെങ്കിലും ആരാധകര്‍ ഗാംഗുലിലെ വെറുതെ വിട്ടില്ല.

സംഭവത്തെക്കുറിച്ച് താന്‍ കഴിഞ്ഞ ആഴ്ച നടത്തിയ പരമാര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും സാഹചര്യത്തില്‍ നിന്ന്  അടര്‍ത്തി മാറ്റിയതാണെന്നും നടന്നത് ദാരുണമായ സംഭവം തന്നെയാണെന്നും ഗാംഗുലി ഇന്നലെ പ്രതികരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നത് അപമാനകരമാണെന്നും സിബിഐ കേസില്‍ അന്വേഷണം തുടരുന്നതിനാല്‍ കൂടുതലൊന്നും പറയാനില്ലെന്നും ഗാംഗുലി പറഞ്ഞിരുന്നു. ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കാതിരിക്കാൻ പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കണമെന്നും ഗാംഗുലി പറഞ്ഞിരുന്നു.

പിന്നാലെയാണ് തന്‍റെ എക്സ് പ്രൊഫൈല്‍ ചിത്രം ഗാംഗുലി കറുപ്പാക്കി മാറ്റിയത്. എന്നാല്‍ ഇത്തരം സംഭവഭങ്ങളില്‍ വ്യക്തവും ശക്തവുമായ നിലപാട് എടുക്കാതെ പ്രൊഫൈല്‍ ചിത്രം മാറ്റിയതുകൊണ്ട് കാര്യമില്ലെന്ന വിമര്‍ശനവുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ മാസം ഒമ്പതിനാണ് കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ 31കാരിയായ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടറുടെ കൊലപാതകം. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആശുപത്രിയിലെ സിവിൽ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെ കൊല്‍ക്ത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടി ഡോക്ടർമാർ പ്രതിഷേധിച്ചിരുന്നു. തുടർന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കേസ് അന്വേഷണം സിബിഐയ്ക്ക് വിടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker