28.4 C
Kottayam
Monday, April 29, 2024

പി.ഡി സന്തോഷ് വിടവാങ്ങി; വിടവാങ്ങിയത് മൂല്യത്തില്‍ അടിയുറച്ച് നിന്ന മാധ്യമപ്രവര്‍ത്തകന്‍; ഓര്‍മകള്‍ പങ്കുവെച്ച് സുഹൃത്തുക്കള്‍

Must read

തൊടുപുഴ: കേരളം കണ്ട ഏറ്റവും വലിയ ന്യൂസ് ബ്രേക്കുകളിലൊന്നായ എം.എം മണിയുടെ വണ്‍ ടു ത്രീ.. പ്രസംഗം ക്യാമറയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്‍ ഇനി ഓര്‍മ്മ. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മണക്കാട് പ്ലാപ്പള്ളില്‍ പി ഡി സന്തോഷ് (45) സ്വകാര്യ മെഡിക്കല്‍കോളേജില്‍വെച്ചാണ് അന്തരിച്ചത്. സീ- ടി.വി ചാനലിന്റെ ക്യാമറാമാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മരിക്കുമ്പോള്‍ തൊടുപുഴയിലെ പ്രാദേശിക ചാനലായ വീ-വണ്ണിനുവേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. മൂല്യത്തില്‍ അടിയുറച്ചുനിന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു അന്തരിച്ച സന്തോഷ് പി.ഡി(ചന്തു).

 

എം.എം മണിയുടെ വിവാദമായ മണക്കാട് പ്രസംഗം ചിത്രീകരിച്ച സിപിഎം അംഗം കൂടിയായിരുന്ന ചന്തുവിന് അത് വാര്‍ത്തയാക്കുന്നതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഇടുക്കി ജില്ലയിലെ കരുത്തനായ പാര്‍ട്ടി സെക്രട്ടറിക്കെതിരായ ദൃശ്യങ്ങള്‍ മായ്ച്ചുകളയാതെ വാര്‍ത്തയാക്കിയപ്പോള്‍ ചന്തുവിലെ മാധ്യമപ്രവര്‍ത്തകന്‍ തലയുയര്‍ത്തി നിന്നു. പിന്നീട് ഇതേക്കുറിച്ച് സിപിഎം അംഗമായ ചന്തു പാര്‍ട്ടിതല അന്വേഷണവും നേരിട്ടിരുന്നു. വാര്‍ത്ത വന്‍ വിവാദമായതോടെ എം.എം മണിക്കെതിരെ പൊലീസ് കേസെടുക്കുകയും അദ്ദേഹം പിന്നീട് ജയിലിലാകുകയും ചെയ്തിരുന്നു. സംസ്‌കാരം വൈകിട്ട് വീട്ടു വളപ്പില്‍ ഇന്ന് വീട്ടുവളപ്പില്‍ നടക്കും.

സന്തോഷിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ന്യൂസ് 18 കേരളം പ്രതിനിധി എം.എസ് അനീഷ് കുമാറിന്റെ വാക്കുകളാണ്.

തൊടുപുഴയിലെ ജനകീയ മാധ്യമപ്രവര്‍ത്തകനായി അറിയപ്പെട്ടിരുന്നയാളാണ് ചന്തു. കഴിഞ്ഞ കുറേക്കാലമായി തൊടുപുഴയിലെ വാര്‍ത്താ ഇടങ്ങളിലൊക്കെ ചന്തുവിന്റെ നിറസാനിധ്യമുണ്ടായിരുന്നു. തൊടുപുഴയുടെ വികസനവും മനുഷ്യ ജീവിതവും ഒപ്പിയെടുത്ത എത്രയെത്ര വാര്‍ത്തകള്‍ ചന്തുവിന്റെ ക്യാമറയിലൂടെ പുറത്തുവന്നിട്ടുണ്ടെന്ന് സുഹൃത്തും ന്യൂസ് 18 പ്രതിനിധിയുമായ എം.എസ് അനീഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇടുക്കി വാര്‍ത്താ കാലത്ത് ചന്തുവിന്റെ കോള്‍ വരാത്ത അപൂര്‍വ്വം ദിനങ്ങളേ ഉണ്ടായിട്ടുമുള്ളൂവെന്ന് അനീഷ് കുമാര്‍ ഓര്‍മിക്കുന്നു.

അനീഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

 

ചന്തു പോയി….. ഹ്യദയാഘാതത്തേത്തുടർന്ന് രണ്ട് മൂന്നു ദിവസങ്ങളായി ചികിത്സയിലായിരുന്നു……

സന്തോഷ് പി.ഡി അഥവ ചന്തു എന്ന പേര് തൊടുപുഴയ്ക്ക് പുറത്ത് പലർക്കും അത്ര പരിചിതമായിരിക്കില്ല.എന്നാൽ കേരളം കണ്ട ഏറ്റവും വലിയ ന്യൂസ് ബ്രേക്കുകളിലൊന്ന് ക്യാമറയിൽ പകർത്തിയത് ചന്തുവായിരുന്നു.എം.എം.മണിയുടെ മണക്കാട് പ്രസംഗം… വൺ ടു ത്രീ പ്രസംഗം ഞങ്ങൾ പലരിലുടെയുമാണ് പുറത്തു വന്നതെങ്കിലും പ്രസംഗത്തിലെ വാർത്ത ആദ്യ തിരിച്ചറിഞ്ഞത് ചന്തു തന്നെയായിരുന്നു. അടിയുറച്ച സി.പി.എം പ്രവർത്തകൻ ആണെങ്കിലും ജില്ലാ സെക്രട്ടറിയ്ക്കെതിരായ ദൃശ്യങ്ങൾ മായ്ച്ച് കളയാതെ ചന്തു ഒരു തികഞ്ഞ മാധ്യമ പ്രവർത്തകനായി തല ഉയർത്തി നിന്നു.തൊടുപുഴയുടെ വികസനവും മനുഷ്യ ജീവിതവും ഒപ്പിയെടുത്ത എത്രയെത്ര വാർത്തകൾ…. ഇടുക്കി വാർത്താ കാലത്ത് ചന്തുവിന്റെ കോൾ വരാത്ത അപൂർവ്വം ദിനങ്ങളേ ഉണ്ടായിട്ടുമുള്ളൂ … പ്രിയ സഹോദരന്, കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രേക്കുകളിലൊന്ന് നൽകിയ സുഹൃത്തിന് വിട….. മുകളിലെത്തുമ്പോൾ കണ്ടുമുട്ടാം

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week