24.7 C
Kottayam
Friday, May 17, 2024

ഭാര്യയെ കൊന്ന് ഇൻഷുറൻസ് തുക കൈക്കലാക്കി; വാങ്ങിയത് സെക്‌സ് ഡോള്‍

Must read

ന്യൂയോര്‍ക്ക്: ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് ഭാര്യയുടെ പേരില്‍ ലഭിച്ച ഇന്‍ഷുറന്‍സ് തുക ഉപയോഗിച്ച് വാങ്ങിയത് സെക്‌സ് ഡോള്‍ (ലൈംഗിക കളിപ്പാട്ടം). യു.എസിലെ കാന്‍സസ് സ്വദേശിയായ കോള്‍ബി ട്രിക്കിള്‍ ആണ് ഭാര്യ ക്രിസ്‌റ്റേന്‍ ട്രിക്കിളി(26)നെ കൊലപ്പെടുത്തിയ ശേഷം ഇന്‍ഷുറന്‍സ് തുക സെക്‌സ് ഡോള്‍ വാങ്ങാനായി വിനിയോഗിച്ചത്. ഇതിനുപുറമേ വീഡിയോ ഗെയിം വാങ്ങാനും സംഗീത ഉപകരണങ്ങള്‍ വാങ്ങാനും ഇയാള്‍ പണം ചെലവഴിച്ചതായും അമേരിക്കന്‍ മാധ്യമമായ ‘സി.ബി.എസ്. ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.

2019-ലാണ് ക്രിസ്‌റ്റേനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവായ കോള്‍ബി തന്നെയാണ് വിവരം പോലീസില്‍ അറിയിച്ചത്. ഭാര്യ സ്വയം നിറയൊഴിച്ച് മരിച്ചെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മരണത്തില്‍ ചില സംശയങ്ങളുണ്ടായിരുന്നു. പക്ഷേ, സംഭവം ആത്മഹത്യയാണെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ അന്ന് കൂടുതല്‍ അന്വേഷണമുണ്ടായില്ല.

ആത്മഹത്യയാണെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ യുവാവിനെ നിരീക്ഷിച്ചു. ഇതിനിടെയാണ് ഭാര്യയുടെ മരണം സംഭവിച്ച് ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇവരുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക മുഴുവനും കോള്‍ബി വാങ്ങിയിരുന്നതായി കണ്ടെത്തിയത്. രണ്ട് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളാണ് കൊല്ലപ്പെട്ട യുവതിയുടെ പേരിലുണ്ടായിരുന്നത്. ഈ രണ്ട് പോളിസികളുടെ തുകയായി 1.20 ലക്ഷം ഡോളറാണ് (ഏകദേശം ഒരുകോടി രൂപ) കോള്‍ബിക്ക് ലഭിച്ചത്. തുടര്‍ന്ന് എട്ടുമാസംകൊണ്ട് ഈ പണം മുഴുവനും പ്രതി ചെലവഴിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

രണ്ടായിരം ഡോളറിനാണ് (ഏകദേശം 1.6 ലക്ഷം രൂപ) പ്രതി ഫുള്‍സൈസ് സെക്‌സ് ടോയ് വാങ്ങിയത്. ഇതിനുപുറമേ കടങ്ങള്‍ തീര്‍ക്കാനും വീഡിയോ ഗെയിമുകള്‍ വാങ്ങാനും പ്രതി ഈ പണം ഉപയോഗിച്ചു. ഭാര്യ മരിച്ച് മാസങ്ങള്‍ക്കുള്ളിലുള്ള പ്രതിയുടെ ഇത്തരം പ്രവൃത്തികള്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് ശേഷം 2021 ജൂലായ് 14-നാണ് കൊലക്കുറ്റം ചുമത്തി കോള്‍ബിയെ പോലീസ് അറസ്റ്റ് ചെയ്തത്.

കേസിന്റെ വിചാരണയ്ക്കിടെ പ്രതി സെക്‌സ് ഡോള്‍ വാങ്ങിയത് അടക്കമുള്ള തെളിവുകള്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാക്കി. എന്നാല്‍, ഭാര്യയുടെ മരണശേഷം മകന് ഉറക്കക്കുറവ് അടക്കമുള്ള പ്രശ്‌നങ്ങളുണ്ടെന്നും ദുഃസ്വപ്‌നങ്ങള്‍ കാണാറുണ്ടെന്നുമായിരുന്നു കോള്‍ബിയുടെ അമ്മ ടിന ക്രൂസര്‍ കോടതിയില്‍ നല്‍കിയ മൊഴി. ലൈംഗിക ആവശ്യങ്ങള്‍ക്കായല്ല സെക്‌സ് ഡോള്‍ വാങ്ങിയതെന്നും ഉറക്കക്കുറവ് അടക്കമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു.

കൊല്ലപ്പെട്ട ദിവസവും ക്രിസ്റ്റേന്‍ അന്ന് ചെയ്യേണ്ട കാര്യങ്ങളെല്ലാം നേരത്തെ തയ്യാറാക്കിവെച്ചിരുന്നതായും ജോലിക്ക് പോകാനായി അലാറം വരെ വെച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന ഒരാള്‍ അന്നേദിവസം ചെയ്യേണ്ട കാര്യങ്ങളൊന്നും ഇത്തരത്തില്‍ രേഖപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 2023 നവംബറിലാണ് കോള്‍ബിയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് 50 വര്‍ഷത്തേക്ക് പരോളില്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിക്കുകയുംചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week