‘ഇതിലും അണ്ണന്‍ ക്ലൈമാക്‌സില്‍ മരിക്കുമോ’; ആരാധകന്റെ ചോദ്യത്തിന് മാസ് മറുപടിയുമായി സന്തോഷ് കീഴാറ്റൂര്‍
അഭിനയിക്കുന്ന സിനിമകളിലെല്ലാം സന്തോഷ് കീഴാറ്റൂര്‍ മരിക്കുമെന്നാണ് ട്രോളന്മാരുടെ കണ്ടുപിടുത്തം. ഇത്തരത്തിലുള്ള നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ കയ്യടി നേടുന്നത് ആരാധകര്‍ക്ക് അദ്ദേഹം നല്‍കിയ മറുപടിയാണ്.
സുരേഷ് ഗോപിയെ നായകനാക്കി നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ‘കാവല്‍’ എന്ന ചിത്രത്തില്‍ സന്തോഷ് അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.
‘ഇതിലും അണ്ണന്‍ ക്ലൈമാക്‌സില്‍ മരിക്കുമോ’ എന്നായിരുന്നു ഇതിനു താഴെ വന്ന ഒരു ആരാധകന്റെ ചോദ്യം. രസകരമായിട്ടാണ് ഇതിന് താരം മറുപടി നല്‍കിയത്. ‘ഇങ്ങനെ കൊല്ലാതെ’ എന്ന്.
എന്നാല്‍ ആരാധകര്‍ വിടാന്‍ തയാറായിരുന്നില്ല. ‘ഇങ്ങനെ പറഞ്ഞോണ്ടിരുന്നാല്‍ പുള്ളി നേരത്തേ മരിക്കും എന്നായി മറ്റൊരാളുടെ കമന്റ്. ഇതിന് ‘താങ്കള്‍ക്ക് എല്ലാരും മരിക്കുന്നതാ ഇഷ്ടം അല്ലെ എന്ത് മനുഷ്യനാടോ താന്‍’ എന്നായിരുന്നു താരത്തിന്റെ മറുപടി. ‘വെടികൊണ്ടായിരിക്കും അല്ലേ’ എന്ന മറ്റൊരാളുടെ ചോദ്യത്തിന് ‘അല്ല ചക്ക തലയില്‍ വീണിട്ടാണെ’ന്നും സന്തോഷ് കുറിച്ചിട്ടുണ്ട്.