മലപ്പുറത്ത് യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

മലപ്പുറം: വള്ളുവമ്പ്രത്ത് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളുവമ്പ്രം സ്വദേശി ആഷിഖിനെയാണ് വള്ളുവമ്പ്രം ടൗണിലെ കെട്ടിടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷം ആരംഭിച്ചു.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ആണ് ആഷിക് വീട്ടില്‍ നിന്ന് പുറത്ത് പോയത്. ഏറെ വൈകിയും വീട്ടിലെത്താത്തിനെ തുടര്‍ന്ന് രാത്രി തന്നെ ആഷിഖിനെ വീട്ടുകാര്‍ പലയിടത്തും അന്വേഷിച്ചിരുന്നു. എന്നാല്‍ വിവരമൊന്നും ലഭിച്ചില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോഴും മറുപടി ഉണ്ടായില്ല. ഇന്ന് രാവിലെ പ്രദേശവാസികളാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തില്‍ നിന്ന് വീണതെന്ന് സംശയിക്കുന്ന നിലയില്‍ കെട്ടിടത്തിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മഞ്ചേരി, പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് പരിശോധനയും ഇന്‍ക്വസ്റ്റ് നടപടികളും പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോലീസ് പരിശോധനയില്‍ യുവാവിന്റെ മൊബൈല്‍ ഫോണുള്‍പ്പെടെയുള്ളവ കെട്ടിടത്തിന് മുകളില്‍ നിന്നും കണ്ടെത്തിയതായാണ് സൂചന. കെട്ടിടത്തില്‍ നിന്ന് വീണാണ് മരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മറ്റുകാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും സമഗ്രാന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News