31.7 C
Kottayam
Saturday, May 11, 2024

ചിക്കനും മുട്ടയും വെജിറ്റേറിയനായി പ്രഖ്യാപിയ്ക്കണമെന്ന് ശിവസേന എം.പി,ബീഫും മട്ടണും ഒഴിവാക്കുന്നതെന്തിനെന്ന് സോഷ്യല്‍ മീഡിയ

Must read

ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഭക്ഷണ സ്വാതന്ത്രത്തേപ്പറ്റി വലിയ ചര്‍ച്ചകളാണ് രാജ്യത്ത് നടക്കുന്നത്. ഗോവധം നിരേധിയ്ക്കപ്പെട്ട സംസ്ഥാനങ്ങളില്‍ ബീഫ് കഴിയ്ക്കുന്നതിന് വലിയ പ്രത്യാഘാതങ്ങളാണ് നേരിടേണ്ടി വരുന്നതും. ഇതിനിടെയാണ് വിചിത്രമായ ആവശ്യവുമായി ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനയുടെ എം.പി രംഗത്തെത്തിയത്.

ചിക്കനും മുട്ടയും വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കണമെന്നതാണ് ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ ആവശ്യം. അതിന് ഉപോത്ബലകമായി ചില അനുഭവ കഥകളും റാവത്ത് രാജ്യസഭയില്‍ പറഞ്ഞു.
ആയുര്‍വേദവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു സഞ്ജയ് റാവത്തിന്റെ പരാമര്‍ശം.

കോഴിയെയും കോഴിമുട്ടയെയും വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആയുര്‍വേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവ ഉള്‍പ്പെടുന്ന ആയുഷ് മന്ത്രാലയം ചിക്കന്‍ വെജിറ്റേറിയന്‍ ആണോ നോണ്‍ വെജിറ്റേറിയന്‍ ആണോ എന്ന് ആലോചിക്കണം.ആയുര്‍വേദ ഭക്ഷണം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ട ഇടുമെന്നും തനിക്ക് ഒരു അനുഭവമുണ്ടെന്നും എം.പി പറഞ്ഞു.

‘ഒരിക്കല്‍ ഞാന്‍ നന്ദുര്‍ബാര്‍ പ്രദേശത്തെ ഒരു ചെറിയ ചേരിയില്‍ പോയി. അവിടുത്തെ ആദിവാസികള്‍ ഒരു ഭക്ഷണം എനിക്ക് കൊണ്ടുവന്നു തന്നു. ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ ആയുര്‍വേദിക് ചിക്കന്‍ എന്നായിരുന്നു അവര്‍ മറുപടി നല്‍കിയത്. ഇത് കഴിച്ചാല്‍ എല്ലാ അസുഖങ്ങളും ഭേദമാക്കാന്‍ കഴിയുമെന്നും ആ വിധമാണ് അവര്‍ കോഴിയെ വളര്‍ത്തുന്നതെന്നും പറഞ്ഞു.

ആയുര്‍വേദ ഭക്ഷണം മാത്രം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ട ഇടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് ആ മുട്ട കഴിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ എം.പിയുടെ പരാമര്‍ശത്തെ പരിഹസിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. ഇങ്ങനെയുള്ള ആളുകളാണ് നമ്മുടെ രാജ്യത്തെ ഭരിക്കുന്നതെന്നും എത്ര വിചിത്രമായ പരാമര്‍ശമെന്നുമായിരുന്നു ഒരാളുടെ പ്രതികരണം.

ചിക്കനും മുട്ടയും മാത്രം വെജിറ്റേറ്റിയന്‍ പട്ടികയില്‍പ്പെടുത്തിയാല്‍ പോരെന്നും ബീഫും മട്ടനും കൂടി വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കണമെന്നും മറ്റു ചിലര്‍ ട്വിറ്ററില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week