ശബരിമല തീര്‍ഥാടനത്തിന് പൂര്‍ണ സജ്ജം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ശബരിമല:മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് പൂര്‍ണ സജ്ജമായതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പ്, പമ്പ, ശബരിമല സന്നിധാനം എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.
നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പിലെ സൗകര്യങ്ങള്‍
9000 പേര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം സജ്ജമാക്കി. എട്ട് കൗണ്ടറുകളിലായി ഔഷധ ചുക്കുവെള്ള വിതരണം ഒരുക്കിയിട്ടുണ്ട്. തണുത്തതും ചൂടുള്ളതുമായ കുടിവെള്ള വിതരണത്തിനായി 1200 വാട്ടര്‍ടാപ്പുകള്‍ സ്ഥാപിച്ചു. അന്നദാനമണ്ഡപം സജ്ജമാക്കിയിട്ടുണ്ട്.
1090 ശൗചാലയങ്ങള്‍, 60 കുളിമുറികള്‍, പുതിയതായി 120 ടോയിലറ്റുകള്‍ എന്നിവ സജ്ജീകരിച്ചു. 16 പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലായി ചെറുതും വലുതുമായ 9000 വാഹനങ്ങള്‍പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി. പുതിയതായി 2000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മാണം പൂര്‍ത്തിയായി വരുന്നു. മാലിന്യ സംസ്‌കരണത്തിനായി രണ്ട് ഇന്‍സിനറേറ്ററുകളും, രണ്ട് എംഎല്‍ഡി യുടെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും സജ്ജീകരിച്ചു.
പമ്പയിലെ സൗകര്യങ്ങള്‍
പമ്പയില്‍ പ്രളയത്തില്‍ തകര്‍ന്ന രാമമൂര്‍ത്തി മണ്ഡപത്തിന് പകരം 3000 പേര്‍ക്ക് വിരിവയ്ക്കാനുള്ള താല്‍ക്കാലിക പന്തല്‍ സജ്ജീകരിച്ചു. ത്രിവേണി പാലം മുതല്‍ ഗണപതി ക്ഷേത്രം വരെ താല്‍ക്കാലിക പന്തല്‍ സജ്ജീകരിച്ചു. തീര്‍ഥാടകര്‍ക്ക് പമ്പ മുതല്‍ മരക്കൂട്ടം വരെ ഓക്‌സിജന്‍ പാര്‍ലര്‍ സൗകര്യം ഉള്‍പ്പെടെ 10 അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആംബുലന്‍സ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
മൂന്നു കൗണ്ടറുകളിലായി ഔഷധ ചുക്കുവെള്ള വിതരണം സജ്ജമാക്കി. തണുത്തതും ചൂടുള്ളതുമായ കുടിവെള്ള വിതരണത്തിനായി 404 വാട്ടര്‍ടാപ്പുകള്‍ സ്ഥാപിച്ചു. പമ്പയിലും നിലയ്ക്കലിലും ആര്‍ഒ വാട്ടര്‍ പ്ലാന്റുകളുടെ അറ്റകുറ്റപണികള്‍ തീര്‍ത്ത് കുടിവെള്ള വിതരണം കാര്യക്ഷമമാക്കി.
പ്രളയത്തില്‍ തകര്‍ന്ന പമ്പാതീരത്ത് 550 മീറ്റര്‍ നീളത്തില്‍ കുളിപ്പടവുകള്‍ നിര്‍മിച്ചു. പമ്പയിലെ പമ്പിംഗ് സ്റ്റേഷനില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്ത് നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ആവശ്യമായ കുടിവെള്ളം ലഭ്യമാക്കി. പ്രളയത്തില്‍ തകര്‍ന്ന പമ്പയുടെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം ആരംഭിച്ചു.
346 ശൗചാലയങ്ങള്‍, പുതിയതായി 60 ലേഡീസ് ടോയിലറ്റ്, 60 ബയോ ടോയിലറ്റുകള്‍, 40 ബയോ യൂറിനല്‍സ്, പമ്പയില്‍ നിന്നുള്ള തീര്‍ഥാടന പാതയില്‍ 36 ബയോ യൂറിനല്‍സ്, 10 ബയോ ടോയിലറ്റുകള്‍ എന്നിവ സജ്ജീകരിച്ചു. അന്നദാനമണ്ഡപം സജ്ജമാക്കി.
സന്നിധാനത്തെ സൗകര്യങ്ങള്‍
ശബരിമല സന്നിധാനത്ത് 6500 പേര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കി. 40 കൗണ്ടറുകളിലായി ഔഷധ ചുക്കുവെള്ള വിതരണം നടത്തും. തണുത്തതും ചൂടുള്ളതുമായ കുടിവെള്ള വിതരണത്തിനായി 306 വാട്ടര്‍ടാപ്പുകള്‍ സ്ഥാപിച്ചു.
1161 ശൗചാലയങ്ങള്‍, 160 കുളിമുറികള്‍, 150 യൂറിനല്‍സ് മുതലായവ സജ്ജീകരിച്ചു. അടിയന്തിര വൈദ്യസഹായ കേന്ദ്രം അഞ്ച് സ്ഥലങ്ങളിലായി സ്ഥാപിച്ചു. പ്രസാദ വിതരണത്തിനായി പ്രത്യേക കൗണ്ടര്‍ സജ്ജമാക്കുകയും അരവണ കരുതല്‍ ശേഖരത്തിന്റെ നിര്‍മാണം ആരംഭിക്കുകയും ചെയ്തു. 2.05 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണികള്‍ സജ്ജമാക്കി. മൂന്നു നേരം അന്നദാനം നല്‍കാനുള്ള അന്നദാനമണ്ഡപം സജ്ജമാക്കി.
മാലിന്യസംസ്‌കരണത്തിനായി മൂന്ന് ഇന്‍സിനറേറ്ററുകളും, 600 വേസ്റ്റ് ബിനും അഞ്ച് എംഎല്‍ഡിയുടെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവ സജ്ജീകരിച്ചു. നിലവിലുള്ള എല്ലാ കെട്ടിടങ്ങളുടെയും അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി. പരമ്പരാഗത പാതയില്‍ കാര്‍ഡിയോളജി സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍, എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. സന്നിധാനത്ത് ഓഫ് റോഡ് ആംബുലന്‍സ് സൗകര്യം സജ്ജീകരിച്ചു. ശബരിമലയില്‍ കുടിവെള്ളം എത്തിക്കുന്ന കുന്നാര്‍ ഡാം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സി.സി.ടി.വി സ്ഥാപിച്ചു.