കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക: പിണറായി സർക്കാരിന് അഭിനന്ദനവുമായി കേന്ദ്രമന്ത്രി
തിരുവനന്തപുരം:കേന്ദ്ര സഹായത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ കേരളം ബിജെപി ഗവണ്‍മെന്‍റുകള്‍ക്കും ബിജെപി ഇതര സംസ്ഥാന ഗവണ്‍മന്‍റുകള്‍ക്കും മാതൃകയാണെന്ന് പെട്രോളിയം-പ്രകൃതിവാതക -ഉരുക്ക് വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഗെയിലിന്‍റെ പ്രകൃതിവാത പൈപ്പ്ലൈന്‍ പദ്ധതി നടപ്പാക്കുന്നതിന് കേരള സര്‍ക്കാര്‍ നല്‍കിയ സഹകരണത്തിനും പിന്തുണയ്ക്കും അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ചു. ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കിയത് ദേശീയാടിസ്ഥാനത്തില്‍ തന്നെ വലിയൊരു നേട്ടമാണെന്ന് മുഖ്യമന്ത്രിയുമായി വ്യാഴാഴ്ച വൈകിട്ട് നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
വീടുകളിലേക്ക് പ്രകൃതിവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി വേഗത്തിലാക്കുന്നതിനും പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും നടപടിയെടുക്കുമെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി. സംസ്ഥാനത്ത് കൂടുതല്‍ സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും നടപടിയെടുക്കും. പ്രകൃതിവാതകം ഉപയോഗിക്കുന്ന ബസ്സുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കേരള സര്‍ക്കാരിന്‍റെയും സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെയും സംയുക്ത സംരംഭമായ കോഴിക്കോട് സെയില്‍-എസ്.സി.എല്‍ കേരളാ ലിമിറ്റഡിന്‍റെ പ്രതിസന്ധി പരിഹരിക്കുന്നതിന് കേരളത്തില്‍ സെയിലിന്‍റെ റീട്ടെയില്‍ ശൃംഖല സ്ഥാപിക്കണമെന്ന് കേന്ദ്രമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. വിപണന-സംഭരണ പ്രശ്നങ്ങള്‍ കാരണം സെയില്‍-എസ്.സി.എല്‍ ലിമിറ്റഡിന്‍റെ ഉത്പാദനം 2016 ഡിസംബര്‍ മുതല്‍ മുടങ്ങിയിരിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ ടിഎംടി ബാറിന് നല്ല വിപണിയുണ്ട്. മൊത്തവ്യാപാര വിലയില്‍ ടിഎംടി ബാറുകള്‍ വില്‍ക്കുന്നതാണ് കമ്പനിയുടെ നഷ്ടത്തിന് പ്രധാന കാരണം. അതു കണക്കിലെടുത്ത് കേരളത്തില്‍ സെയിലിന്‍റെ റീട്ടെയില്‍ ശൃംഖല ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഫാക്ടിന്‍റെ ഭൂമി കൂടി ഉപയോഗിച്ച് കൊച്ചിയില്‍ പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബിപിസിഎല്ലിന്‍റെ ഉപോല്‍പ്പന്നങ്ങളാണ് നിര്‍ദിഷ്ട പെട്രോകെമിക്കല്‍ കോംപ്ലക്സില്‍ അസംസ്കൃത സാധനമായി ഉപയോഗിക്കുക. ബിപിസിഎല്ലിന്‍റെ സ്വകാര്യവല്‍ക്കരണം കേരളത്തിന്‍റെ ഈ വ്യവസായ പദ്ധതിയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി ഉത്ക്കണ്ഠ പ്രകടിപ്പിച്ചു.