പൊള്ളാച്ചി:പാലക്കാട്ട് ആർ.എസ്.എസ്. പ്രവർത്തകനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാർ തമിഴ്നാട്ടിലേക്ക് കടത്തിയതായി പോലീസ് കണ്ടെത്തി. പൊള്ളാച്ചിയിലെ വർക്ക്ഷോപ്പിൽ എത്തിച്ച കാർ കഴിഞ്ഞദിവസം പൊളിച്ചുമാറ്റിയിരുന്നു. ഇതിന്റെ അവശിഷ്ടങ്ങൾ പോലീസ് ബുധനാഴ്ച കണ്ടെത്തി. കാറിന്റെ ഡോറുകളും ടയറുകളും എൻജിനുമെല്ലാം വേർപെടുത്തിയ നിലയിലായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് രണ്ടുപേർ വെളളനിറത്തിലുള്ള മാരുതി 800 കാർ പൊളിക്കാനായി കൊണ്ടുവന്നതെന്ന് വർക്ക്ഷോപ്പ് ഉടമ പറഞ്ഞു. ആർ.സി. ബുക്കും മറ്റുരേഖകളും കാണിച്ചിരുന്നു. ഇവർക്ക് 15000 രൂപ നൽകിയാണ് കാർ വാങ്ങിയത്. രണ്ടുദിവസം മുമ്പാണ് കാർ പൊളിച്ചതെന്നും വർക്ക്ഷോപ്പ് ഉടമ പ്രതികരിച്ചു.
കാർ പൊളിച്ചുമാറ്റിയെങ്കിലും ഇതിന്റെ പാർട്സുകൾ നിലവിൽ പോലീസ് സംരക്ഷണയിലാണ്. സയന്റിഫിക് വിദഗ്ധരെത്തി ഇവ വിശദമായി പരിശോധിക്കും.
അതിനിടെ, കഴിഞ്ഞ ബുധനാഴ്ച രാവിലെ കാർ പൊള്ളാച്ചിയിൽ എത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വർക്ക്ഷോപ്പിന് സമീപത്തെ കടയിലെ സിസിടിവി ക്യാമറയിൽനിന്നാണ് കാറിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ഈ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
നവംബർ 15-നാണ് പാലക്കാട് എലപ്പുള്ളി മമ്പറത്തുവെച്ച് ആർ.എസ്.എസ്. പ്രവർത്തകനായ സഞ്ജിത്തിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് ഭാരവാഹികളായ രണ്ടുപേരെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിലെ കൂടുതൽപ്രതികൾ വൈകാതെ പിടിയിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.